സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ കേരള ഹയർ സെക്കൻഡറി ബോർഡിന്റെ പ്ലസ്ടു യോഗ്യതാപരീക്ഷയിലോ, തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ 45 ശതമാനം മാർക്കോടെ പാസായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 40 ശതമാനം മാർക്ക് നേടിയിരിക്കണം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ B.Des കോഴ്സിൽ ചേരാൻ അർഹതയുണ്ടാവുകയുള്ളു.
പ്രവേശന പരീക്ഷാ തീയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. www.lbscentre.kerala.gov.in വഴി ഓൺലൈനായി ഏപ്രിൽ 30 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം മെയ് 1 വരെ. പൊതുവിഭാഗത്തിന് 1,200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ വെബ്സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327.