ആറ്റുകാല്‍ പൊങ്കാല; പ്രാഥമിക അവലോകന യോഗം ചേര്‍ന്നു

Share

ആറ്റുകാല്‍ പൊങ്കാലയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ പ്രാഥമിക അവലോകന യോഗം ചേര്‍ന്നു. 2022 ഫെബ്രുവരി 17 നാണ്  ആറ്റുകാല്‍ പൊങ്കാല മഹോത്സവം നടക്കുന്നത്.  കുത്തിയോട്ടമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജില്ലയിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കൂടി പങ്കെടുക്കുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്ത്് തീരുമാനമെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. പല പ്രധാന വകുപ്പുകളും മുന്‍കൂറായി തന്നെ പൊങ്കാലയുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.  പൊങ്കാല ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നോഡല്‍ ഓഫീസറായി സബ്കളക്ടര്‍ എം.എസ് മാധവിക്കുട്ടിയെ ചുമതലപ്പെടുത്തി.  ഒമിക്രോണിന്റെ പശ്ചാത്തലത്തിലാണ് മുന്‍കൂട്ടി ജില്ലയിലെ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തത്. പൊങ്കാല പ്രവൃത്തികളുടെ എസ്റ്റിമേറ്റ് അടുത്ത തിങ്കളാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ഉത്സവ മേഖലയായിട്ടുള്ളഎല്ലാ വാര്‍ഡുകളിലും റോഡുകളുടെ അറ്റകുറ്റപ്പണികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2021 ല്‍ ലളിതമായാണ്  പൊങ്കാല ചടങ്ങുകള്‍ നടത്തിയത്.  വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് അനില്‍ കുമാര്‍, സെക്രട്ടറി ശിശുപാലന്‍ നായര്‍ കെ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.