വീട്ടിലെ വെള്ളപ്പൈപ്പിൽ ഒരു ദിവസം കൊണ്ട് തടസ്സം ഉണ്ടാകില്ല. ചെറിയ ചെറിയ അടിവരകളും പാളികളും വർഷങ്ങളോളം അടിഞ്ഞുകൂടുമ്പോഴാണ് ഒഴുക്ക് കുറയുന്നത്.
നമ്മുടെ രക്തക്കുഴലുകളിലും പലപ്പോഴും സംഭവിക്കുന്നത് അതുതന്നെയാണ്.
ബ്ലോക്ക് ഒരു ദിവസം കൊണ്ട് രൂപപ്പെടുന്നതല്ല. പതിയെപ്പതിയെ, ഒരുപാട് കാലം നീളുന്ന മാറ്റങ്ങളുടെ ഫലമായാണ് അതിന്റെ തുടക്കം.
രക്തക്കുഴലിന്റെ ഭിത്തിയിൽ ചെറിയ കേടുപാടുകൾ ഉണ്ടാകുമ്പോൾ, അത് നന്നാക്കാൻ ശരീരം ഉടൻ പ്രവർത്തനം ആരംഭിക്കും. വിവിധ കോശങ്ങളെയും പ്രതിരോധ സംവിധാനങ്ങളെയും അവിടേക്ക് അയച്ച് റിപ്പയർ ചെയ്യാൻ ശ്രമിക്കും.
പലപ്പോഴും ഈ ശ്രമം വിജയിക്കുകയും ചെയ്യും. എന്നാൽ ചില സാഹചര്യങ്ങളിൽ ആ റിപ്പയർ പ്രക്രിയ പൂർണമായി വിജയിക്കാതെ വരാം.
അപ്പോൾ കൊഴുപ്പും, നീർക്കെട്ടും, പ്രതിരോധ പ്രവർത്തനങ്ങളുടെ അവശിഷ്ടങ്ങളും അവിടെ അടിഞ്ഞുകൂടാൻ തുടങ്ങും. ശരീരത്തിന്റെ സംരക്ഷണ ശ്രമങ്ങൾ തന്നെയാണ് പിന്നീട് കൂടുതൽ സങ്കീർണ്ണമായ അവസ്ഥയിലേക്ക് കാര്യങ്ങളെ നയിക്കുന്നത്.
കാലക്രമേണ ഈ അടിഞ്ഞുകൂടലുകൾ വളർന്ന് രക്തയോട്ടത്തെ തടസ്സപ്പെടുത്തുന്ന പ്ലാക്കുകളായി മാറാം. ചിലപ്പോൾ അവ പൊട്ടിപ്പോകുകയും പെട്ടെന്നുള്ള ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുകയും ചെയ്യാം.
അതുകൊണ്ട് രക്തക്കുഴൽ ബ്ലോക്ക് എന്നത് വെറും “കൊഴുപ്പിന്റെ കഥ” മാത്രമല്ല… ശരീരത്തിന്റെ റിപ്പയർ പ്രവർത്തനങ്ങളും, പ്രതിരോധ സംവിധാനവും, ജീവിതശൈലിയും, സമയവും ചേർന്ന് എഴുതുന്ന ഒരു ദീർഘകഥയാണ് അത്.
ഹൃദയം പെട്ടെന്ന് രോഗിയാകുന്നില്ല. അതിന്റെ കഥ വർഷങ്ങൾക്ക് മുമ്പേ എഴുതിത്തുടങ്ങിയിട്ടുണ്ടാകും.