സമര നായകൻ വി.എസ്.അച്യുതാനന്ദൻ വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം.വി. എസിനെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുസ്മരിക്കുകയാണ്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വി.എസ്. അച്യുതാനന്ദൻ എന്ന പേര് ഒരു വ്യക്തിയുടേതല്ല, മറിച്ച് ഒരു കാലഘട്ടത്തിന്റെയാകെ പ്രതിരൂപമാണ്. കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ ഉണർത്തിനിർത്തുന്ന ഒരു ഊർജ്ജമായി ആ സ്മരണകൾ നിലനിൽക്കുന്നു.
അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ഒരു യുവാവ് എന്ന നിലയിൽ നിന്നും സംസ്ഥാനത്തിന്റെ ഭരണനേതൃത്വം വരെ എത്തിയ അദ്ദേഹത്തിന്റെ ജീവിതയാത്ര, കേരളത്തിലെ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അതിജീവനത്തിന്റെ ചരിത്രം കൂടിയാണ്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടങ്ങളിൽ സഖാവിന് കിരാതമായ പോലീസ് മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. നീണ്ട ജയിൽവാസവും ഒളിവുജീവിതവും ആ പോരാളിയിലെ കമ്മ്യൂണിസ്റ്റിനെ കൂടുതൽ കരുത്തനാക്കുകയാണ് ചെയ്തത്.
1964 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സി,പി.ഐ (എം) രൂപീകരണത്തിന് നേതൃത്വം നൽകിയ മുപ്പത്തിരണ്ട് നേതാക്കളിൽ ഒരാളായ അദ്ദേഹം, പതിറ്റാണ്ടുകളോളം പ്രസ്ഥാനത്തിന്റെ ആശയപരമായ അടിത്തറ കാത്തുസൂക്ഷിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. മതനിരപേക്ഷ കേരളത്തിന്റെ ശക്തനായ വക്താവായ വി.എസ് ജനകീയ വിഷയങ്ങളിൽ നിയമസഭയിലും തെരുവിലും ഒരേസമയം തീർത്ത പ്രതിരോധം കേരള ചരിത്രത്തിന്റെ ഭാഗമാണ്. നാടിന്റെ പൊതുസമ്പത്തും താല്പര്യങ്ങളും സംരക്ഷിക്കുന്നതിൽ നിതാന്ത ജാഗ്രതയായിരുന്നു അദ്ദേഹം പുലർത്തിയത്.
വനഭൂമിയും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ളതായിരുന്നു.
ഭരണഘടനാ പദവികളിൽ അദ്ദേഹം കാഴ്ചവച്ച മാതൃകകൾ എക്കാലവും സ്മരിക്കപ്പെടുന്നതാണ്. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ അദ്ദേഹം ഉയർത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ ഭരണസംവിധാനങ്ങളെപ്പോലും തിരുത്തിക്കാൻ പോന്നതായിരുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ, സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കേരളത്തെ കരുത്തോടെ നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
പ്രായം എന്ന ശാരീരികമായ പരിമിതിയെ സ്വന്തം ഇച്ഛാശക്തികൊണ്ടും കർമ്മശേഷികൊണ്ടും മറികടന്ന ആ മഹത്തായ ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മാത്രമല്ല, ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഉജ്ജ്വലമായ അദ്ധ്യായമാണ്. വി.എസ് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കും അദ്ദേഹം നയിച്ച പോരാട്ടങ്ങള്‍ക്കും മരണമില്ല. സഖാവ് വി.എസിന്റെ മരിക്കാത്ത ഓർമ്മകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.