കുഴി തോണ്ടുന്നസൂപ്പർ ആശുപത്രികൾ

Share

[[ചികിത്സയുടെ മറവിൽ
സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന പകൽകൊള്ള എന്ന “രോഗം” അനസ്തേഷ്യ ഇല്ലാതെ ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുന്ന പരമ്പര ഇന്ന് മുതൽ ]]


“സ്റ്റെതസ്കോപ്പുമായി കൊള്ളക്കാർ”

കൊള്ളയുടെ കൊള്ളിവയ്പുകാരായി സ്വകാര്യ ആശുപത്രികൾ പൂത്തുലഞ്ഞു നിൽക്കുകയാണ്. ഈ പൂക്കളുടെ സുഗന്ധം തിരിച്ചറിയാതെ പാവം രോഗികൾ ഈയാംപാറ്റകളെപ്പോലെ ചെന്ന് വീഴുന്നു. ചിറകുകൾ വെന്തുരുകി പറക്കാനാവാത്ത വിധം രോഗികൾ ആശുപത്രികളിൽ കിടന്ന് ഊർദ്ധശ്വാസം വലിക്കുന്നു. അടുത്ത രോഗികൾ വരുന്നു. വീഴുന്നു.പിന്നെയും പിന്നെയും രോഗികൾ വരുന്നു. ആശുപത്രികൾ നിറയുന്നു. ആശുപത്രി ഉടമകൾ ചിരിക്കുന്നു. അങ്ങനെ അങ്ങനെ സ്വകാര്യ ആശുപത്രികൾ പടർന്ന് പന്തലിച്ച് കൊള്ളയുടെ ടെലസ്കോപ്പും കഴുത്തിലണിഞ്ഞു നിൽക്കുന്നു.

കേരളത്തിലെ രോഗികളുടെ എണ്ണം രാജ്യത്ത് ഏറ്റവും കൂടുതൽ

സർക്കാർ ആശുപത്രികൾ – 2023-24 കണക്ക്

1. OP / മൊത്തം വരുന്നവർ

  • *വർഷം: 11.29 കോടി പേർ
  • *ദിവസം ശരാശരി: 3.09 ലക്ഷം പേർ

.പി.എച്ച്.സി, സി.എച്ച്.സി, താലൂക്ക് ആശുപത്രികൾ, ജില്ല ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എല്ലാം കൂടി .

2. അഡ്മിറ്റ് ആകുന്നവർ

  • *വർഷം: 7.56 ലക്ഷം പേർ
  • *ദിവസം ശരാശരി: 2070 പേർ
  • 2014-15 ൽ 14.18 ലക്ഷം ആയിരുന്നു.

3. ഒരു PHC-യിൽ

  • ദിവസം: 100 മുതൽ 450 പേർ വരെ
  • പല ഡോക്ടർമാർക്കും ദിവസം 200-400 OP നോക്കേണ്ടി വരുന്നുണ്ട്

4. പനി സീസണിൽ

  • *ദിവസം: 9,000 മുതൽ 10,000 പേർ വരെ സർക്കാർ ആശുപത്രിയിൽ മാത്രം
  • ഒരു മാസം: 2.7 ലക്ഷം പേർ

കേരളത്തിൽ 2025 ൽ NSS നടത്തിയ സർവേ ഇപ്രകാരം

1. രോഗം റിപ്പോർട്ട് ചെയ്യുന്നവർ

  • 15 ദിവസത്തിൽ: 39.7% പേർ
  • ദേശീയ ശരാശരി: 13.1% മാത്രം
  • അതായത് കേരളത്തിൽ 3 പേരിൽ 1 പേർക്ക് 15 ദിവസത്തിനുള്ളിൽ അസുഖം ഉണ്ട്

2. ആശുപത്രികളിൽ അഡ്മിറ്റാകുന്നവർ

  • 1000 പേരിൽ 92 പേർ വർഷം അഡ്മിറ്റ് ആകുന്നു
  • ദേശീയ ശരാശരി: 1000-ൽ 29 പേർ മാത്രം
  • 60+ വയസ്സിൽ: 18.6% പേർ

*3. എവിടെ ചികിത്സിക്കുന്നു?

  • സ്വകാര്യ ആശുപത്രികളിൽ66.5%
  • സർക്കാർ: 30%
  • OP-ക്ക് ഗ്രാമത്തിൽ 50% സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്നു

*എന്തുകൊണ്ട് ഇത്ര കൂടുതൽ?

  1. ആരോഗ്യ ബോധം കൂടുതൽ. ചെറിയ പനിക്ക് പോലും ഡോക്ടറെ കാണും
  2. മുതിർന്നവരിൽ 78% പേർക്ക് അസുഖം റിപ്പോർട്ട് ചെയ്യുന്നു
    3.ഇൻഷുറൻസുണ്ട്, പണവുമുണ്ട് ചികിത്സ തേടാൻ മടിക്കുന്നില്ല.

ഡോക്ടർക്ക് ഒരു രോഗിക്ക് 2 മിനിറ്റിൽ കൂടുതൽ കൊടുക്കാൻ പറ്റുന്നില്ല
OP യിൽ ദിവസവും 200-400 ആളുണ്ട്. ഒരാളെ 10 മിനിറ്റേ നോക്കാൻ പറ്റുന്നുള്ളൂവെന്ന് ഡോക്ടർമാർ പറയുന്നു.

കേരളത്തിൽ ദിവസം 3 ലക്ഷത്തിലധികം പേർ സർക്കാർ ആശുപത്രിയിൽ പോകുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും അത്ര തന്നെ. രണ്ടും കൂടി കൂട്ടിയാൽ 5-6 ലക്ഷം.

രോഗികളുടെ എണ്ണം പെരുകിവരുന്നതാണ് ആശുപത്രികൾക്ക് അനുഗ്രഹമാകുന്നത്. എത്ര ചികിത്സിച്ചിട്ടും മാറുന്നില്ല. ഉടനെ അടുത്ത ആശുപത്രിയെ അഭയം പ്രാപിക്കും. ആദ്യം ചികിത്സിച്ച ആശുപത്രിയിലെ ചികിത്സാരീതികളെല്ലാം പുതിയ ആശുപത്രിയിലെ ഡോക്ടർ പരിശോധിക്കും. ചികിത്സയുടെ ഗുഡൻസ് പിടികിട്ടിയ പുതിയ ഡോക്ടർ ചികിത്സയൊന്ന് മാറ്റി പിടിക്കും. രക്ത പരിശോധന മുതൽ സി.ടി സ്കാനും എൻഡോസ് കോപ്പിയും അതിനപ്പുറം വരെ നടത്തിക്കും. സംഗതിയിലൊന്നും കാണില്ല, ചുമ്മാ വെറുമൊരു ആചാരം.

ഈ മെഷീനൊക്കെ വാങ്ങി വച്ചിരിക്കുന്നത് തുരുമ്പെടുക്കാനല്ല, പ്രവർത്തിച്ച് കാണിക്കാൻ. പ്രവർത്തിക്കണമെങ്കിൽ രോഗികൾ വേണം. രോഗികൾ വന്നാൽ പോര. ഡോക്ടർമാർ വിശദമായിട്ടങ്ങോട്ട് എഴുതണം. അങ്ങനെ എഴുതിവിടുന്ന ഡോക്ടർമാരാണ് ആശുപത്രികളുടെ ഉറ്റ ചങ്ങാതിമാർ.

ഡോക്ടർമാർ എത്ര രോഗികളെ കണ്ടു. എത്ര പരിശോധന നടത്തി. എന്ത് ചികിത്സ നിർദ്ദേശിച്ചു.എത്ര മരുന്നുകൾ കുറിച്ചു. അതിൽ വില കൂടിയ മരുന്നുകൾ എത്ര തുടങ്ങിയവ നിരീക്ഷിക്കാൻ ആശുപത്രികളിൽ ഇൻ്റേണൽ അസസ്മെൻ്റുകളുണ്ട്. ആ അസസ്മെൻ്റ് വച്ചാണ് ഡോക്ടർമാരുടെ പ്രവർത്തനം വിലയിരുത്തുന്നത്.

കുറിപ്പടിയിൽ ഡോക്ടർമാർ മികവ് കാട്ടുമ്പോൾ അതിന് ആനുപാതികമായി ഡോക്ടർമാരുടെ ശമ്പളത്തിലും വർദ്ധനവ് ഉണ്ടാവണം.ഇല്ലെങ്കിൽ ഡോക്ടർമാർ അടുത്ത ആശുപത്രി കിലേക്ക് കൂട് മാറ്റി കൂട്ടും. അങ്ങനെ കച്ചവടത്തിൻ്റെ പുതിയ ആകാശവും പുതിയ ഭൂമിയും അവർ കണ്ടെത്തും.

തോപ്പിൽ ഭാസിയുടെ പണ്ടത്തെ പ്രസിദ്ധമായതും കേരളക്കരയെ ത്രസിപ്പിച്ചതുമായ
“അശ്വമേധം ” എന്ന നാടകത്തിൽ ഒരു ഡയലോഗുണ്ട്. “രോഗം വരുന്നത് ഒരു കുറ്റമാണോ സാർ.”

രോഗം കുറ്റമല്ല. പക്ഷേ, അതിനെ ചികിത്സിക്കാനെന്ന പേരിൽ ഇരയെ പിടിക്കാൻ വായും തുറന്നിരിക്കുന്ന ആശുപത്രികളും കുറ്റം ചുമത്തി പ്രോസിക്യൂട്ട് ചെയ്യുന്ന ഡോക്ടർമാരുമാണ് യഥാർത്ഥ കുറ്റവാളികൾ.

മുന്നിലെത്തുന്ന പാവം രോഗികളെ കച്ചവടക്കണ്ണുകളോടെ കീറിമുറിക്കുന്ന ഡോക്ടർമാരും അതിൽ തഴച്ച് വളരുന്ന ആശുപത്രികളുമാണ് കുറ്റവാളികൾ.

(തുടരും)

(തട്ടിപ്പിൻ്റെ
ഉള്ളറകൾ തുറന്ന് കാട്ടുന്ന കഥ നാളെ)

Leave a Reply

Your email address will not be published. Required fields are marked *