എന്തൊക്കെയാണ് നാട്ടിൽ നടക്കുന്നത്.
തൻ്റെ സമ്മതമില്ലാതെ വിവാഹാലോചനയുമായി മുന്നോട്ട്
പോയതിൽ യുവതിയുടെ മുടി മുറിച്ച് പ്രതിഷേധിക്കൽ.
കസ്റ്റഡിയിലെടുത്ത ബന്ധുക്കളായ പ്രതികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷനിൽ സി.ഐയുടെ അഭ്യാസം.
മകളെ വിവാഹം കഴിച്ച് നൽകാത്തതിന് അച്ഛനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം.
തന്റെ സമ്മതമില്ലാതെ വിവാഹാലോചനകൾ മുന്നോട്ടുകൊണ്ടുപോയതിൽ പ്രതിഷേധിച്ച് യുവതി തല മൊട്ടയടിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ച യുവതി, വിവാഹ തീരുമാനത്തിൽ സ്വന്തം അഭിപ്രായത്തിനും സമ്മതത്തിനും പ്രാധാന്യം വേണമെന്ന സന്ദേശമാണ് ഉയർത്തിയത്. നിരവധി പേർ യുവതിയുടെ നിലപാടിനെ പിന്തുണച്ചപ്പോൾ, വിവാഹവുമായി ബന്ധപ്പെട്ട കുടുംബസമ്മർദങ്ങളെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായി. പെൺകുട്ടികളോട് യുദ്ധത്തിന് പോകരുതേ. പഴയകാലമല്ലിത്. വ്യക്തമായ നിലപാടും അഭിപ്രായവുമുള്ളവരായി അവർ മാറി എന്നാണ് ഇത്തരം സംഭവങ്ങൾ കാണിക്കുന്നത്. പണ്ട് പണ്ട് പുരാണങ്ങളിൽ ഒരു സ്ത്രീ മുടി കെട്ടാതെ അഴിച്ചിട്ട് നടന്ന കഥ ഓർമ്മയുണ്ടല്ലോ. അതൊരു ശപഥത്തിൻ്റെയും അനീതിക്കെതിരെയുമുള്ള പെൺശക്തിയുടെ ധീരതയായിരുന്നു.
ഇവിടെയും ധീരതയാണ്. ഇഷ്ടപ്പെടാത്ത വിവാഹം തൻ്റെ മേലിൽ വച്ച് കെട്ടാനുള്ള അധികാരത്തിനെതിരെയുള്ള പ്രതിഷേധം.
മാരകായുധങ്ങളുമായി സഞ്ചരിച്ചതിന് കസ്റ്റഡിയിലെടുത്ത ബന്ധുക്കളെ മോചിപ്പിക്കണമെന്നാ ആവശ്യപ്പെട്ടാണ് മദ്യലഹരിയിൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ സി.ഐ പോലീസ് സ്റ്റേഷനിൽ എത്തിയത്. പ്രതികളെ ബലമായി മോചിപ്പിക്കാൻ ശ്രമിച്ചപ്പോൾ സംഘർഷമായി. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം.
ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ സർക്കിൾ ഇൻസ്പെക്ടർ യഹിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.
പനവൂർ മേഖലയിൽ സംശയാസ്പദ സാഹചര്യത്തിൽ മാരകായുധങ്ങളുമായി സഞ്ചരിച്ച നാല് പേരെ നെടുമങ്ങാട് പൊലീസ് പിടികൂടി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. ഇവരിൽ രണ്ടുപേർ സി.ഐ യഹിയയുടെ അടുത്ത ബന്ധുക്കളും പരിചയക്കാരുമാണെന്ന് വ്യക്തമായതോടെയാണ് സി.ഐ സ്റ്റേഷനിലെത്തിയത്.സി.ഐ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സ്റ്റേഷനിലെത്തിയ യഹിയ, ലോക്കപ്പിലുണ്ടായിരുന്നവരെ ഉടൻ വിട്ടയക്കണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിയമനടപടികൾ പൂർത്തിയാക്കാതെ പ്രതികളെ വിട്ടയക്കാനാകില്ലെന്ന് എസ്.ഐ ഉൾപ്പെടെയുള്ളവർ നിലപാട് സ്വീകരിച്ചതോടെ സംഗതി വഷളായി.
സ്റ്റേഷനിൽ ബഹളം വെച്ച യഹിയ ലോക്കപ്പിന്റെ വാതിൽ തുറന്ന് പ്രതികളെ പുറത്തിറക്കാൻ ശ്രമിച്ചതായി പൊലീസ് പറയുന്നു.
പൊലീസ് തടഞ്ഞതോടെ വാക്കേറ്റവും തർക്കവും രൂക്ഷമായി. ഇതോടെ ലോക്കപ്പിനുള്ളിൽ കയറി ബഹളമുണ്ടാക്കിയ യഹിയയെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴടക്കിയത്. സി.ഐയെ കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കുകയായിരുന്നു.
വൈദ്യപരിശോധനയ്ക്കായി യഹിയയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഡ്യൂട്ടി തടസപ്പെടുത്തൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ ആരോപണങ്ങളിൽ വകുപ്പുതല നടപടികളും നിയമനടപടികളും പരിഗണനയിലാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മുൻപും അച്ചടക്കലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സി.ഐക്കെതിരെ ഉണ്ടായിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.
തിരുവനന്തപുരത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിർണായക വിവരങ്ങളുമായി പൊലീസ്. മകളെ വിവാഹം കഴിച്ച് നൽകാൻ തയ്യാറാകാതിരുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ കണ്ടാൽ തിരിച്ചറിയാവുന്ന അഞ്ച് പേർക്കെതിരെ നഗരൂർ പൊലീസ് കേസെടുത്തു.
സുധീഷ് ഒന്നാം പ്രതിയും ഷംനാദ് രണ്ടാം പ്രതിയുമാണ്. നാല് പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്കായി വ്യാപക തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കിളിമാനൂർ കുമ്മിൾ സ്വദേശികളായ പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്.
വർക്കല, കല്ലമ്പലം, നഗരൂർ, കിളിമാനൂർ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് വർക്കല വടശ്ശേരിക്കോണം സ്വദേശികളായ അനിൽകുമാറിനെയും മകൻ അച്ചുവിനെയും ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയത്.
നഗരൂരിലെ പണിതീരാത്ത വീട്ടിൽ തടങ്കലിലാക്കി മർദ്ദിച്ച പ്രതികൾ, സ്‌ഫോടക വസ്തുക്കൾ ശരീരത്തിൽ കെട്ടിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ചങ്ങലകൊണ്ട് കെട്ടി മുറിക്കുള്ളിൽ പൂട്ടിയിട്ടശേഷം പ്രതികൾ മുങ്ങി.
സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ നാടൻ ബോംബുകൾ, തോക്ക്, ചങ്ങലകൾ, മറ്റ് മാരകായുധങ്ങൾ എന്നിവ കണ്ടെത്തി. അനിൽകുമാറിന്റെ ഭാര്യയെയും ആക്രമിക്കാൻ പ്രതികൾ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി.
അച്ചുവാണ് നഗരൂർ പൊലീസിനെ വിവരം അറിയിച്ചത്. പരിക്കേറ്റ അനിൽകുമാറും അച്ചുവും ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതെന്താ വെള്ളരിക്കാ പട്ടണമോ? സിനിമാ കഥയും തോറ്റു പോകുമല്ലോ.