“എന്നെ തൂക്കിക്കൊന്നോളൂ”കോടതിയിൽ ചെന്താമരയുടെ ‘ഷോ’

Share

നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതിയോട് തന്നെ തൂക്കിക്കൊന്നോളാന്‍ പറഞ്ഞ് പ്രതി ചെന്താമര.

തനിക്ക് നേരെ ഇനിയും ആരെങ്കിലും വന്നാൽ വിടില്ലെന്ന് കോടതിയെ നോക്കി വെല്ലുവിളിയും.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോഴാണ് തൂക്കിക്കൊന്നോളാന്‍ പ്രതി പറഞ്ഞത്.

പ്രതിക്ക് യാതൊരു മനസ്താപവും ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

വധശിക്ഷയ്ക്ക് വരെ സാഹചര്യമുള്ള കുറ്റകൃത്യമാണ് എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ഇനിയും കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രൊബേഷന്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കോടതി ഈ റിപ്പോര്‍ട്ടിനെ ക്കുറിച്ച്‌ പറഞ്ഞപ്പോള്‍ താന്‍ ഇതുവരെ ജാമ്യം പോലും ചോദിച്ചിട്ടില്ലെന്ന് പ്രതി പറഞ്ഞു.

കുറ്റബോധമില്ലേ നന്നാകാന്‍ സാധ്യതയില്ലേ എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് വന്നാലേ അറിയൂ എന്നായിരുന്നു പ്രതിയുടെ മറുപടി.

ഇനിയും തനിക്ക് നേരെ ആരെങ്കിലും വന്നാലും വിടില്ലെന്ന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. ഒരു ചെകിട്ടത്ത് അടിച്ചാല്‍ മറുകരണം കാണിച്ചുകൊടുക്കാന്‍ താന്‍ ഗാന്ധിജിയല്ല. തന്റെ കുടുംബം തകര്‍ത്തവര്‍ക്ക് എതിരേയുള്ള പ്രതികാരമാണെന്നായി പ്രതി.

ഒരു നാടാകെ ഞെട്ടിയ സംഭവത്തില്‍ 57 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 130 സാക്ഷികളെയാണ് വിചാരണ ചെയ്തത്. പാലക്കാട് സെഷന്‍സ്‌കോടതിയില്‍ ഒരു വര്‍ഷത്തോളമാണ് വിചാരണ നടന്നത്.

സജിതാകൊലക്കേസില്‍ ജാമ്യം ലഭിച്ച്‌ പുറത്തുവന്ന സാഹചര്യത്തിലാണ് ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും മാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കാട്ടിലേക്ക് ഒളിവില്‍ പോയ ചെന്താമരയെ പോലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്നായിരുന്നു പിടികൂടിയത്. സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വധിച്ച ശേഷമായിരുന്നു ആദ്യം നടത്തിയ സജിതാകൊലക്കേസിലെ വിധി പുറത്തുവന്നത്. ആദ്യകേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചായിരുന്നു ചെന്താമര നാട്ടിലെത്തി ഇരട്ടകൊലപാതകം നടത്തിയത്.

*നെന്മാറ ഇരട്ട കൊലപാതക കേസ് – പോത്തുണ്ടി, പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ 2025 ജനുവരി 27നാണ് ഇരട്ടക്കൊലപാതകം നടന്നത്.

*ഇരകൾ:

  1. സുധാകരൻ 56 വയസ്
  2. അമ്മ ലക്ഷ്മി 75 വയസ്

*പ്രതി: ചെന്താമര, ബോയൻ നഗർ സ്വദേശി

*സ്കൂട്ടറിൽ വരികയായിരുന്ന സുധാകരനെ വടിയിൽ വെട്ടുകത്തി കെട്ടി വെട്ടി വീഴ്ത്തി. ശബ്ദംകേട്ട് ഇറങ്ങി വന്ന ലക്ഷ്മിയേയും വെട്ടി. സുധാകരൻ സ്ഥലത്ത് വച്ച് മരിച്ചു, ലക്ഷ്മി ആശുപത്രിയിൽ വച്ചും.

*2019-ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറത്ത് കൊന്നിരുന്നു.

*തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന സംശയം. “നീണ്ട മുടിയുള്ള സ്ത്രീ” ആണ് കാരണം എന്ന് മന്ത്രവാദി പറഞ്ഞത് വിശ്വസിച്ചായിരുന്നു കൊല.

ആ കേസിൽ ജയിലിൽ പോയി ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സുധാകരനെയും അമ്മയെയും കൊന്നത്.

*കേസിലെ പ്രധാന
തെളിവുകൾ:

  1. 480 പേജ് കുറ്റപത്രം 57 ദിവസത്തിനുള്ളിൽ സമർപ്പിച്ചു
  2. 130 സാക്ഷികൾ, 30 ശാസ്ത്രീയ തെളിവുകൾ
  3. വെട്ടുകത്തിയുടെ പിടിയിൽ ചെന്താമരയുടെ ഡി.എൻ.എ, ലുങ്കിയിൽ സുധാകരന്റെയും ലക്ഷ്മിയുടെയും രക്തം
  4. ദൃക്സാക്ഷി സുധാകരന്റെ അമ്മ ലക്ഷ്മിയെ കൊല്ലുന്നത് കണ്ട ഗീരീഷ്.

5.മാനസികരോഗിയല്ലഎന്ന രേഖയും സമർപ്പിച്ചു

*പ്രതിയുടെ നിലപാട്
കോടതിയിൽ
എന്നെ നൂറ് വർഷം ജയിലിൽ അടച്ചോളൂ, ഒറ്റയ്ക്കാണ് ചെയ്തത് കൃത്യം നടത്തിയതിൽ സന്തോഷമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ.

Leave a Reply

Your email address will not be published. Required fields are marked *