സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

Share

[ചരിത്രത്തിൽ ആദ്യം]

കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.

ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു സത്യപ്രതിജ്ഞ.

ജയിൽ സൂപ്രണ്ടിൻ്റെ മുറിയിൽ രാവിലെ 11ന് മേയർ വി.വി.രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. നെഞ്ചിൽ കൈവച്ച് സുഗതൻ ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്തു.

ജയിലിൽ സത്യപ്രതിജ്ഞ നടന്നത് ചരിത്രത്തിലാദ്യമാണ്. എ.കെ.ജി അടക്കം ജയിലിൽ കിടന്നു കൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. പക്ഷേ, സത്യപ്രതിജ്ഞ ആദ്യം.

തിരുവനന്തപുരം നഗരസഭയിലെ 50 ബി.ജെ.പി കൗൺസലർമാരിൽ 20 പേർ വ്യത്യസ്ത ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഭരണഘടന അനുശാസിക്കുന്ന വിധം ദൈവനാമത്തിലോ, ദൃഢപ്രതിജ്ഞയോ ചെയ്യാൻ 20 കൗൺസിലർമാർക്കും ഹൈക്കോടതി അനുമതി നൽകി.ഇതിൻ്റെ അടിസ്ഥാനത്തിൽ 19 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.

കാപ്പ കേസിൽ ജയിലിലായിരുന്നതിനാൽ സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായില്ല. ഗുരുദേവ നാമത്തിലായിരുന്നു സുഗതൻ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

നെടുമങ്ങാട് മജിസ്ട്രേട്ട് കോടതിയിലുള്ള രണ്ട് കേസിൽ കോടതി സത്യപ്രതിജ്ഞ ചെയ്യാൻ ജാമ്യം നൽകി.കാപ്പ കേസിൽ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചായിരിക്കും ജാമ്യം നിലവിൽ വരികയെന്നും മജിസ്ട്രേട്ട് കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇതനുസരിച്ച് സുഗതൻ ഹൈക്കോടതിയെ സമീപിച്ചു.

ജാമ്യം അനുവദിക്കുന്നതിനെ സർക്കാർ എതിർത്തു.
സത്യപ്രതിജ്ഞ ചെയ്യാൻ ജയിലിൽ സൗകര്യമൊരുക്കാമെന്നായി സർക്കാർ. അങ്ങനെയാണ് ജയിലിൽ സത്യപ്രതിജ്ഞ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *