കുറ്റകൃത്യങ്ങള്‍ നേരിടുന്നതിലും നീതി ഉറപ്പാക്കുന്നതിലും കേരളം ഏറെ മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെയും പ്രോസിക്യൂഷന് അക്കാദമിയുടെയും ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമൂഹത്തില്‍ ശാന്തിയും സമാധാനവും ഉറപ്പുവരുത്തുന്നതും പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതും സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങളില്‍ ഏറ്റവും പ്രധാനമാണ്. സമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തുക, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുക, മറ്റുനിയമ നടപടികള്‍ക്ക് വിധേയമാക്കുക സര്‍ക്കാരിന്റെ ചുമതലയാണ്. കുറ്റമറ്റ പോലീസ്, പ്രോസിക്യൂഷന് സംവിധാനങ്ങളിലൂടെയാണ് ഇത്തരം ചുമതലകള്‍ സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്.
കുറ്റകൃത്യം അന്വേഷിക്കുന്ന പോലീസ് തന്നെ പ്രോസിക്യൂഷന് നടത്തുക എന്ന പഴയ രീതിക്ക് അവസാനമായത് 1973 ലെ ക്രിമിനല്‍ നടപടി നിയമം നിലവില്‍ വന്നതോടെയാണ്. അത് കുറേക്കൂടി ഫലപ്രദമാക്കാനാണ് വിപുലമായ പ്രോസിക്യൂഷന് സംവിധാനം ഒരുക്കാനുള്ള ശ്രമങ്ങള്‍ക്ക് 2000 ത്തില്‍ തുടക്കമായത്.