പട്ടികജാതി പട്ടകവർഗ വികസന വകുപ്പിൽ 71 അക്രഡിറ്റഡ് എൻജിനീയർ/ ഓവർസീയർ

Share

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എൻജിനീയർ/ഓവർസീയർ നിയമനത്തിന് അർഹരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ 71 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌.

അക്രഡിറ്റഡ് എൻജിനീയർ/ഓവർസീയർ നിയമനം പൂർണമായും ഒരു പരിശീലന പദ്ധതിയാണ്. പ്രൊഫഷണൽ യോഗ്യതയുള്ള പട്ടികവർഗ ഉദ്യോഗാർഥികളെ മികവുറ്റ ജോലികൾ കരസ്ഥമാക്കുവാൻ പ്രാപ്തരാക്കുന്നതിന് പട്ടികവർഗ വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ പ്രാദേശിക പശ്ചാത്തല സൗകര്യ വികസന പദ്ധതികളുടെയും നിർവഹണത്തിൽ പങ്കാളികളാക്കി പ്രവൃത്തി പരിചയം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഉദ്യോഗാർത്ഥികൾ പട്ടികവർഗ വിഭാഗത്തിൽ നിന്നും ഉള്ളവരായിരിക്കണം. തിരുവനന്തപുരം – 7, കൊല്ലം & ആലപ്പുഴ – 3, കോട്ടയം – 3, ഇടുക്കി – 6, എറണാകുളം – 2, തൃശൂർ – 3, പാലക്കാട് – 15, മലപ്പുറം – 9, കോഴിക്കോട് – 3, വയനാട് – 9, കണ്ണൂർ – 9, കാസർഗോഡ് – 2 എന്നിങ്ങനെയാണ് ഒഴിവുകൾ. വിദ്യാഭ്യാസ യോഗ്യത – സിവിൽ എൻജിനീയറിംഗിൽ ബിരുദം/ഡിപ്ലോമ/ഐ.റ്റി.ഐ സർട്ടിഫിക്കറ്റ്. പ്രായപരിധി 21-35 വയസ്. പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ഉദ്യോഗാർഥികൾക്ക് നിയമനം നൽകും. പ്രതിമാസ ഓണറേറിയം 18,000 രൂപ. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അക്രഡിറ്റഡ് എൻജിനീയർ/ഓവർസീയറായി നിയമിക്കപ്പെടുന്നവർക്ക് സ്ഥിര നിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. നിയമന കാലാവധി 1 വർഷം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കുന്ന ജില്ലയിലെ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്/ഐ.റ്റി.ഡി പ്രൊജക്ട് ഓഫീസ് എന്നിവിടങ്ങളിൽ സമർപ്പിക്കണം . ഒരാൾ ഒന്നിലധികം ജില്ലകളിൽ അപേക്ഷ സമർപ്പിക്കാൻ പാടില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ന് വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലകളിലെ പട്ടികവർഗ വികസന ഓഫീസ്/ഐ.റ്റി.ഡി പ്രൊജക്ട് ഓഫീസ്/ട്രൈബൽ എക്സ്റ്റഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും www.stdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.