തിരുവനന്തപുരം: ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുർവേദത്തിന് ലോകത്ത് സ്വീകാര്യതയേറുകയാണ്. ക്യൂബ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ഇത് നേരിട്ട് ബോധ്യമായി. നൂറിലധികം രാജ്യങ്ങളിൽ ആയുർവേദം പ്രചരിക്കപ്പെടുന്നുണ്ട്. പല രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളുമായുള്ള ആശയ വിനിമയത്തിൽ ആയുർവേദ രംഗത്തു കേരളത്തിന്റെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രോഗങ്ങൾക്ക് ചികിത്സ നൽകുന്നതിനോടൊപ്പം തന്നെ രോഗ പ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും തുല്യ പ്രാധാന്യം നൽകുന്ന സമഗ്രമായ സമീപനമാണ് ആയുർവേദത്തിന്റേത്. ആയുർവേദ ഗവേഷണം കേരളം നയിക്കണം. പരമ്പരാഗത ആരോഗ്യ മേഖലയിലുള്ള പ്രയോഗങ്ങളും ഔഷധ സമ്പത്തും കൂടുതൽ തെളിവ് അധിഷ്ഠിതമാക്കി നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനവുമായി കൂട്ടിച്ചേർത്തു നല്ലൊരു മാതൃക സൃഷ്ടിക്കാൻ കഴിയും എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം എന്ന ആശയത്തിലേക്ക് കേരളം എത്തിയത്.