ന്യൂഡല്‍ഹി: അറുപത് വയസുമുതലുള്ളവര്‍ക്ക് നിക്ഷേപിക്കാവുന്ന മെച്ചപ്പെട്ട പലിശയുള്ള, സുരക്ഷിത നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം.
കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ ബാങ്ക് വഴിയോ, പോസ്റ്റ് ഓഫീസ് മുഖേനയോ ആയിരം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിലവില്‍ 8.2 ശതമാനമാണ് പലിശ.
വി.ആര്‍.എസ് എടുത്ത 55 കഴിഞ്ഞവര്‍ക്കും 60 വയസില്‍ താഴെയാണെങ്കില്‍ ഈ പദ്ധതിയില്‍ ചേരാം. ഉപാധികളോടെ 50 തികഞ്ഞ സൈനികര്‍ക്കും ചേരാം.
ദമ്പതികള്‍ക്ക് ജോയിന്റായും അക്കൗണ്ട് തുറക്കാം.
ഏപ്രില്‍/ജൂലൈ/ഒക്ടോബര്‍/ജനുവരി എന്നി മാസങ്ങളിലെ ഒന്നാം പ്രവൃത്തി ദിനത്തിലാണ് പലിശ ലഭിക്കുക.
അഞ്ചുവര്‍ഷമാണ് സ്‌കീമിന്റെ കാലാവധി. തുടര്‍ന്ന് മൂന്ന് വര്‍ഷത്തേയ്ക്ക് കൂടി പദ്ധതി ദീര്‍ഘിപ്പിക്കാം. നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. കാലാവധി തീരും മുന്‍പ് അത്യാവശ്യഘട്ടത്തില്‍ ഉപാധികളോടെ പണം പിന്‍വലിക്കാം.