റോഡുകളുടെ ഡിഫക്ട് ലയബിലിറ്റി കാലാവധി പ്രസിദ്ധീകരിച്ചത് ചരിത്രപരമായ നടപടി: മന്ത്രി

Share

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള രണ്ടായിരത്തിലധികം റോഡുകളുടെ പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷം കേടുപാടുകൾ കൂടാതെ കരാറുകാരന്റെ ബാധ്യതയിൽ പരിപാലിക്കുന്നതിന് ഏറ്റവും കുറഞ്ഞ കാലാവധി (ഡിഫക്ട് ലയബിലിറ്റി പിരീഡ്) വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ച നടപടി ചരിത്രപരമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ്. മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സിനിമാ നടൻ ഇന്ദ്രൻസ് ഡിഫറെന്റ് ലയബിലിറ്റി പിരീഡിന്റെ (ഡി.എൽ.പി) വിശദാംശങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രകാശനം ചെയ്തു.
റോഡുകളുടെ നിർമ്മാണമോ പുനരുദ്ധാരണമോ നടത്തിയ കരാറുകാരന്റേയും ബന്ധപ്പെട്ട പി.ഡബ്ല്യു.ഡി എൻജിനിയറുടെയും പേരുകളും ഫോൺ നമ്പറുകളും ജില്ല തിരിച്ച് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റോഡുകളുടെ കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് വെബ്‌സൈറ്റിൽ നോക്കി റോഡിന്റെ ഡിഫക്ട് ലൈബിലിറ്റി കാലാവധി (ഡി.എൽ.പി ) കഴിഞ്ഞിട്ടുണ്ടോ എന്ന് മനസ്സിലാക്കി ബന്ധപ്പെട്ട കരാറുകാരനെയോ എൻജിനിയറെയോ ഫോണിൽ ബന്ധപ്പെടാം, കൂടാതെ പൊതുമരാമത്ത് വകുപ്പിന്റെ ടോൾഫ്രീ നമ്പറിലും വിളിക്കാമെന്ന് മന്ത്രി പറഞ്ഞു. 
പൊതുമരാമത്ത് വകുപ്പിൽ വരുന്ന വലിയ മാറ്റങ്ങളുടെ തുടക്കം മാത്രമാണ് ഇതെന്നും പൊതു റോഡുകൾ സംബന്ധിച്ച വിഷയങ്ങളിൽ കാഴ്ചക്കാരായി മാറി നിൽക്കാതെ ഡി.എൽ.പി വിശദാംശങ്ങൾ പരിശോധിച്ച്  പൊതുജനം  കാവൽക്കാരായി മാറണമെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഭാഗമാകാനുള്ള അവസരമാണ് ഡി.എൽ.പി വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചതിലൂടെ ലഭിച്ചതെന്ന് നടൻ ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു. ഈ നടപടിയിലൂടെ ഉദ്യോഗസ്ഥരും കരാറുകാരും പ്രവർത്തനങ്ങളിൽ കൂടുതൽ  ജാഗ്രത കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ഡി.എൽ.പി കാലാവധിയുടെ വിശദാംശങ്ങൾ പി.ഡബ്ല്യു.ഡി കേരള വെബ്‌സൈറ്റിൽ ‘ഡി.എൽ.പി വർക്ക്‌ലിസ്റ്റ് ‘ എന്ന ലിങ്കിൽ ലഭ്യമാണ്. പി.ഡബ്ല്യു.ഡി സെക്രട്ടറി ആനന്ദ് സിംഗ്, ചീഫ് എഞ്ചിനീയർ (റോഡ്‌സ്) അജിത് രാമചന്ദ്രൻ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.