യുവ ഡോക്ടർ വീട്ടിൽ മരിച്ച നിലയിൽ 

Share

കോട്ടയം: പനച്ചിക്കാട് പാത്താമുട്ടത്ത് യുവ ഡോക്ടറെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെത്തിപ്പുഴ ആശുപത്രിയിലെ ഡോക്റ്റർ പാത്താമുട്ടം പഴയാറ്റിങ്ങൽ രഞ്ജി പുന്നൂസിന്‍റെ മകൻ ഡോ. സ്റ്റെഫിൽ രഞ്ജി(32)യെയാണ് വീടിന്‍റെ ശുചിമുറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ കഴുത്തിലും കയ്യിലും മുറിവുകളുണ്ട്. ഈ മുറിവിൽ നിന്നു രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. 

വീട്ടിലെ ശുചിമുറിയ്ക്കുള്ളിൽ സ്‌റ്റെഫിൽ ചലനമില്ലാതെ കിടക്കുന്നതായി ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. കയ്യിൽ നിന്നും കഴുത്തിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു സ്‌റ്റെഫിൽ. തുടർന്ന് പൊലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. ഡോക്‌ടറുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. കോട്ടയം എസ്.എച്ച് ആശുപത്രി, ചെത്തിപ്പുഴ ആശുപത്രി എന്നിവിടങ്ങളിൽ സ്‌റ്റെഫിൽ പ്രവർത്തിച്ചിട്ടുണ്ട്.