മിനി കൂപ്പർ ഇലക്ട്രിക് സ്വന്തമാക്കി മഞ്ജു വാര്യർ

Share

കൊച്ചി: ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി നടി മഞ്ജുവാര്യർ. പുതിയ കാർ വാങ്ങിയ മഞ്ജുവിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നായ മിനികൂപ്പറുടെ ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് പരിസര മലിനീകരണം ഒട്ടുമില്ലാത്ത പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണ്. 

പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച് ഇന്ത്യയില്‍ എത്തിക്കുന്ന ഈ കാറിൻ്റെ എക്സ്‌ഷോറൂം വില 47.20 ലക്ഷം രൂപയാണ്. മിനി കൂപ്പറിൻ്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് പതിപ്പിന് കമ്പനി അധികമായി ഈടാക്കുന്നത്.

മിനി കൂപ്പര്‍ എസ്ഇ ഇലക്ട്രിക് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചതിനു പിന്നാലെ ഈ വാഹനത്തിൻ്റെ ബുക്കിങ്ങും നിര്‍മാതാക്കള്‍ തുറന്നിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യക്കായി അനുവദിച്ചിരുന്ന ആദ്യ ബാച്ചിലെ വാഹനങ്ങള്‍ പൂര്‍ണമായും വിറ്റഴിച്ചിരുന്നു. 2021- അവസാനത്തോടെയാണ് മിനി കൂപ്പര്‍ എസ്ഇ ഇലക്ട്രിക് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. 30 യൂണിറ്റാണ് ആദ്യ ബാച്ചില്‍ മിനി കൂപ്പര്‍ എസ്ഇ ഇലക്ട്രിക് ഇന്ത്യയില്‍ അനുവദിച്ചത്. മഞ്ജുവിൻ്റെ ദൃശ്യങ്ങൾ എത്തിയതോടെ മിനി കൂപ്പര്‍ എസ്ഇ ഇലക്ട്രിക് സോഷ്യൽ മീഡിയയിൽ തരംഗമാണ്.