[അപകട സാധ്യത പരിശോധിച്ചേ തുരങ്കം പണി തുടരുകയുള്ളൂ ]
വയനാട്
മണ്ണിടിച്ചിലിന് ഇടയാക്കിയ സാധ്യതകളെക്കുറിച്ച് അന്വേഷിക്കാനും സാങ്കേതികവും നിയമപരവുമായി നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സംഭവം നടന്ന പ്രദേശത്തിന് മുകളിലായി മണ്ണിടിച്ചില്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അതുകൂടി പരിശോധിക്കും. തുരങ്ക നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി നല്കിയപ്പോള് മുന്നോട്ടുവച്ച കര്‍ശന നിര്‍ദ്ദേശങ്ങള്‍ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തവര്‍ പാലിച്ചോയെന്ന് പരിശോധിക്കും. അപകട സാധ്യതകള്‍ എന്തെല്ലാമെന്ന് പരിശോധിച്ചശേഷമേ പണി തുടരൂ. അതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കും. അപകടവുമായി ബന്ധപ്പെട്ട് രണ്ട് തരത്തിലുള്ള അന്വേഷണം നടക്കും.
[പി. എസ്.സി യിൽ ക്രൈം ബ്രാഞ്ച് അന്വേഷണം]
പി.എസ്.സിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ആരോപണങ്ങളാണ് പുറത്തുവരുന്നത്. പരീക്ഷ ക്രമക്കേട് സംബന്ധിച്ച് ലഭിച്ച പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. കെ.എ. എസ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. പരീക്ഷാ മാര്‍ക്ക് മുന്‍കൂട്ടി അറിഞ്ഞ് ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ അധിക മാര്‍ക്ക് നല്കി റാങ്കില്‍ മുന്നിലെത്തിച്ചെന്ന ആരോപണങ്ങള്‍ ഉള്‍പ്പടെ അന്വേഷണത്തിന് വിധേയമാക്കും.
[വിഴിഞ്ഞം: വിശദമായി പരിശോധിക്കും]
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് കമ്പനിയുടെ 49 ശതമാനം ഷെയര്‍ എം.എസ്.സി എന്ന കമ്പനിക്ക് നല്‍കുന്നത് സംബന്ധിച്ച കത്ത് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള എംപവേര്‍ഡ് കമ്മിറ്റി കരാര്‍ വ്യവസ്ഥകള്‍, നിയമപരമായ കാര്യങ്ങള്‍, കേരളത്തിന്റെ താത്പര്യങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ചശേഷമേ അന്തിമ തീരുമാനം സ്വീകരിക്കുകയുള്ളു. സംസ്ഥാനത്തിന്റെ താല്പര്യങ്ങള്ക്ക് വിരുദ്ധമായ ഒരു തീരുമാനവും സര്‍ക്കാര്‍ എടുക്കുക്കില്ല.
[100 ദിന കർമ്മ പദ്ധതിക്ക്
ഓപ്പൺ പോർട്ടൽ]
സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതികളുടെ പുരോഗതി പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരിട്ട് നിരീക്ഷിക്കാന്‍ രാജ്യത്ത് ആദ്യമായി ഓപ്പണ്‍ പോര്‍ട്ടല്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളില്‍ ഇതിനായി പ്രത്യേക ഏകോപന സംവിധാനം ഒരുക്കും. പദ്ധതികളുടെ പുരോഗതി കളര്‍ കോഡുകള്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കും. 80 ശതമാനത്തിലധികം പൂര്‍ത്തിയായ പദ്ധതികള്‍ക്ക് പച്ച, 50 മുതല്‍ 70 ശതമാനം വരെ പുരോഗതിയുള്ളവയ്ക്ക് ഓറഞ്ച്, കാര്യമായ പുരോഗതിയില്ലാത്തവയ്ക്ക് ചുവപ്പ് നിറം നല്‍കും. പൊതുജനങ്ങളുടെ കൂടി നിരീക്ഷണത്തിലൂടെ 100 ദിവസത്തിനകം വിവിധ വകുപ്പുകള്‍ മുന്നോട്ടു വച്ചിട്ടുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
[സീനിയർ ഗവ. പ്ലീഡർമാർ ]
സുപ്രീം കോടതിയിലെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള വിവിധ നിയമ ഉദ്യോഗസ്ഥരെയും ഹൈക്കോടതിയിലേക്കുള്ള സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍മാരെയും സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍മാരെയും നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
[മാധ്യമങ്ങളോട് മുഖ്യമന്ത്രിയുടെ ചോദ്യം]
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചു. തിരിച്ച് എനിക്കൊരു ചോദ്യം അങ്ങോട്ട് ചോദിക്കാനുണ്ട്; എം.എസ്.സി കമ്പനിക്ക് ഓഹരികള്‍ കൈമാറാനുള്ള നീക്കത്തില്‍ ഈ സര്‍ക്കാര്‍ എന്ത് തെറ്റാണ് ചെയ്തത്?
ഇതാണ് എന്റെ ചോദ്യം. ആദ്യമായാണ് മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ ചോദ്യം ചോദിക്കുന്നത്. എന്റെ ചോദ്യത്തിന് മറുപടി തരണം.
ഒരു വിഷയം വരുമ്പോള്‍ അത് ഞങ്ങളും പഠിക്കണം റിപ്പോര്‍ട്ട് ചെയ്യുന്നവരും പഠിക്കണം. 60 ശതമാനം മാധ്യമങ്ങളും പറഞ്ഞത് ഓഹരി കൈമാറ്റം നടന്നെന്നാണ്. ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ല. ഓഹരി കൈമാറ്റം സംബന്ധിച്ച കൃത്യമായ വകുപ്പുകള്‍ കണ്സഷന് എഗ്രിമെന്റിലുണ്ട്. തുറമുഖത്തിന്റെ ഉടമസ്ഥരായ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു ഓഹരി കൈമാറ്റവും നടത്താനാകില്ല. കണ്സഷന് എഗ്രിമെന്റില്‍ ഡെവലപ്മെന്റും ഓപ്പറേഷനും നടത്താനുള്ള പാര്‍ട്ടി മാത്രമാണ് അവര്‍. ഉടമസ്ഥരായ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഓഹരി കൈമാറാനാകില്ല. കണ്സഷന് എഗ്രിമെന്റിലെ 5(3) ക്ലിയറാണ്. prior approvel of the Government. വാര്‍ത്ത വരുമ്പോഴാണ് ഇതിനെ കുറിച്ച് അറിയുന്നത്. അതിനെ കുറിച്ച് അറിയാത്തതു കൊണ്ടാണ് അറിയില്ലെന്ന് പറഞ്ഞത്. അറിഞ്ഞില്ലെന്ന് പറഞ്ഞത് വെറുതെയാണെന്നാണ് ചിലര്‍ പറഞ്ഞത്. എനിക്ക് അറിയാമെങ്കില്‍ എനിക്ക് അറിയാമെന്നും അവരുടെ കത്ത് കിട്ടിയിട്ടില്ലെന്നും നിയമസഭയില്‍ പറഞ്ഞാല്‍ പോരെ. കത്ത് തരുമ്പോള്‍ പരിശോധിക്കുമെന്ന് പറഞ്ഞാല്‍ പോരെ. ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ വന്നിട്ട് കുറച്ച് ദിവസമെ ആയിട്ടുള്ളൂ എന്നാണ് പറഞ്ഞത്. പിന്നീട് വന്ന ആരോപണങ്ങള്‍ മുഴുവന്‍ ഇതെല്ലാം നേരത്തെ അറിയാമെന്നായിരുന്നു. ഞാന്‍ മുഖ്യമന്ത്രിയായത് മെയ് 18നാണ്. ഞാന്‍ എങ്ങനെയാണ് നേരത്തെ അറിയുന്നത്. പക്ഷെ പിന്നീട് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, അദാനി പോര്‍ട്ട് എം.എസ്.സിയുമായി ഒരു വര്‍ഷമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ്. 2026 ജൂണ്‍ 5-ലെ ദേശാഭിമാനി പത്രത്തില്‍ ‘വിഴിഞ്ഞത്ത് വരും എം.എസ്.സി ടെര്‍മിനല്‍. ഓഹരി വാങ്ങാനുള്ള ചര്‍ച്ച വേഗത്തിലാക്കി’ എന്ന വാര്‍ത്തയുണ്ട്. ഞങ്ങളുടെ എം.ഡി അവിടെ ചാര്‍ജ് എടുക്കുന്നത് ജൂണ്‍ 11 നാണ്. അതിന് മുന്‍പ് ഇതേക്കുറിച്ച് അറിയാമായിരുന്ന പത്രം ദേശാഭിമാനിയാണ്. സര്‍ക്കാരാണ് ദേശാഭിമാനിയുടെ സോഴ്സ്. കഴിഞ്ഞ സര്‍ക്കാരിന് നേതൃത്വം നല്കിയവരാണ് ദേശാഭിമാനിയുടെ സോഴ്സ്. ഒരു മാധ്യമങ്ങള്‍ക്കും കിട്ടാത്ത വാര്‍ത്തയാണ് ദേശാഭിമാനയില്‍ വന്നത്. ഞങ്ങളുടെ എം.ഡി ചാര്‍ജ് എടുക്കുന്നതിനും മുമ്പേ അവിടെ എം.ഡിയും സര്‍ക്കാരും പോര്‍ട്ട് മന്ത്രിയും ഉണ്ടായിരുന്നു. എം.എസ്.സിയുമായുള്ള ചര്‍ച്ച കഴിഞ്ഞ സര്‍ക്കാരിന് അറിയാമായിരുന്നു. എന്നിട്ടാണ് ഞങ്ങളുടെ തലയില്‍ കൊണ്ടുവയ്ക്കാന്‍ ശ്രമിച്ചത്. ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത എവിടെ നിന്നാണ് വന്നത്? ഏത് സോഴ്സില്‍ നിന്നാണ് വാര്‍ത്ത വന്നത്. ‘എല്‍.ഡി.എഫ് സര്‍ക്കാര്‍ സംഘടിപ്പിച്ച വിഴിഞ്ഞം കോണ്‍ക്ലേവില്‍ എം.എസ്.സി കമ്പനിയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു’ എന്ന വാര്‍ത്ത കൂടി ദേശാഭിമാനിയിലുണ്ട്. 2025 ലാണ് എല്‍.ഡി.എഫ് വിഴിഞ്ഞം കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. നിങ്ങള്‍ എല്ലാവരും വാര്‍ത്ത നല്കിയ ജൂലൈ ഒന്നിന് ദേശാഭിമാനി എഴുതിയത് ‘വിഴിഞ്ഞത്ത് 13000 കോടിയുടെ നിക്ഷേപം. എം.എസ്.സി ഗ്രൂപ്പ് 49 ശതമാനം ഓഹരി എടുക്കും. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയമാണ് വിദേശ നിക്ഷേപം.’ എന്നാണ്. ഞാന്‍ എന്ത് മറുപടിയാണ് പറയേണ്ടത്? എന്നിട്ടാണ് ഇതില്‍ നിന്നൊക്കെ മാറി, കടല്‍ക്കൊള്ള, സതീശന് അദാനി എന്നൊക്കെ എഴുതിയത്. എന്തൊക്കെയാണ് നടക്കുന്നത്. ഞാന്‍ ഇതൊക്കെ ആസ്വദിക്കുകയാണ്. സതീശന് മൗനത്തിലാണ്, ഈ നിശബ്ദതയ്ക്ക് എന്തൊക്കെയോ അര്‍ത്ഥമുണ്ട്, ഓഹരി കൈമാറ്റത്തില്‍ പങ്കുണ്ട് എന്നൊക്കെ പറഞ്ഞു. എനിക്ക് കിട്ടിയ കമ്മിഷന്റെ കണക്ക് വരെ ഒരു മാധ്യമം പറഞ്ഞു. സെബിക്ക് കത്തയച്ചു എന്ന് അറിഞ്ഞപ്പോള്‍ തന്നെ മുന്‍കൂര്‍ അറിയിക്കാത്തതിലുള്ള അസംതൃപ്തി സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെ അറിയിച്ചു.
കണ്സഷന് എഗ്രിമെന്റ് പോലും വായിച്ചു നോക്കാതെയാണ് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പ്രസംഗിച്ചത്. എം.എസ്.സി കമ്പനിക്ക് നല്കിയാല് അവരുടെ മോണോപൊളി വരുമെന്നും കോമണ്‍ യൂസര്‍ ഫെസിലിറ്റി ഇല്ലാതാകുമെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു. കോമണ്‍ യൂസര്‍ ഫെസിലിറ്റി ഇല്ലാതായാല്‍ സര്‍ക്കാരിന് ഇടപെടാനാകുമെന്ന് 5(8)ല്‍ എഴുതി വച്ച ഉമ്മന്‍ ചാണ്ടിക്കും കെ. ബാബുവിനും സല്യൂട്ട് നല്‍കുകയാണ്. കണ്സഷന് എഗ്രിമെന്റ് വായിച്ച് നോക്കട്ടെ. എം.എസ്.സി വരുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടമാണെന്നും എം.എസ്.സിയുമായുള്ള ചര്‍ച്ചയെക്കുറിച്ച് അറിയാമെന്നും പറഞ്ഞിട്ട് 24 മണിക്കൂറിനകം മാറ്റിപ്പറഞ്ഞ് എന്റെ നേരെ വിരല്‍ ചൂണ്ടിയാല്‍ ബാക്കി നാല് വിരലും സ്വന്തം നെഞ്ചത്തോട്ടാണെന്ന് ഓര്‍ക്കണം.
[കരാർ ലംഘനം ഉണ്ടായിട്ടില്ല]
ഒരു കരാര്‍ ലംഘനവും ഉണ്ടായിട്ടില്ല. ഓഹരി കൈമാറ്റം നടന്നാല്‍ മാത്രമെ കരാര്‍ ലംഘനമാകൂ. ഓഹരി കൈമാറ്റം നടന്നെന്ന് കരുതിയാണ് ദേശാഭിമാനി ലേഖകനും കരുതിയിരിക്കുന്നത്. ഓഹരി കൈമാറ്റം നടക്കണമെങ്കില്‍ നിരവധി പ്രോസസുണ്ട്. ഓഹരി കൈമാറണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന് കണ്സഷന് എഗ്രിമെന്റിലുണ്ട്. അപ്രൂവല്‍ നല്‍കില്ലെന്ന് തീരുമാനിക്കാനാകില്ല. സര്‍ക്കാരിന്റെ താല്പര്യങ്ങള് പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണം. വിഴിഞ്ഞം പോര്‍ട്ടിന് ഇത് ഗുണമാണോയെന്നും പരിശോധിക്കണം. അതിനു വേണ്ടിയാണ് എംപവേര്‍ഡ് കമ്മിറ്റിക്ക് പഠിക്കാന്‍ നല്‍കിയിരിക്കുന്നത്. അവര്‍ പഠിച്ചിട്ട് വന്നാലും ഇന്ത്യ ഗവണ്മെന്റിന്റെ എല്ലാ അനുമതിയും കിട്ടിയാല്‍ മാത്രമെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂ.
ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളില്‍ ഒന്നാണ് എം.എസ്.സി. കൊളംബോ, സിംഗപുര്‍ ഉള്‍പ്പെടെയുള്ള പോര്‍ട്ടുകളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ സബ്സിഡിയറി കമ്പനിക്കാണ് ഷെയര്‍ നല്കാന് പോകുന്നത്. അവരുടെ ഷിപ്പ് കഴിഞ്ഞ സര്‍ക്കരിന്റെ കാലത്താണ് വിഴിഞ്ഞത്ത് വന്നത്. എം.എസ്.സി കമ്പനിയുടെ ഷിപ്പ് ഇനി വരാന്‍ പാടില്ലെന്ന തീരുമാനം ഈ സര്‍ക്കാരിന് എടുക്കാന്‍ സാധിക്കുമോ? ഓഹരി കൈമാറ്റം നടത്തിയെന്ന് കരുതിയാണ് ഈ വര്ത്തകളൊക്കെ പലരും നല്‍കിയത്. അദാനി കമ്പനിയുടെ ഷെയറാണ് മറ്റൊരു കമ്പനിക്ക് നല്‍കുന്നത്. അത് സര്‍ക്കാരിന്റെ ഷെയറിനെ ബാധിക്കില്ല.
[പ്രതിപക്ഷ നേതാവിൻ്റേത് വില കുറഞ്ഞ വാക്കുകൾ ]
പിണറായി വിജയന്റെ കയ്യില്‍ 29 വകുപ്പുണ്ടായിരുന്നു. മറ്റു മന്ത്രിമാരുടെ കയ്യിലുണ്ടായിരുന്ന ഐ.ടി എന്തിനാണ് പിണറായി കയ്യില്‍ വച്ചത്? അഴിമതി കാട്ടാന്‍ വേണ്ടിയായിരുന്നോ? ആര്‍ക്ക് വേണ്ടിയാണ് ഐ.ടി കയ്യില്‍ വച്ചത്? ഒരു വകുപ്പും എടുക്കരുത് എന്നതായിരുന്നു എന്റെ ആഗ്രഹം. ആഭ്യന്തരവും ധനകാര്യവും വേണ്ടെന്ന് പറഞ്ഞു. ധനകാര്യം ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയും മന്ത്രിമാരും ആവശ്യപ്പെട്ടതു കൊണ്ടാണ് ഏറ്റെടുത്തത്. എന്റെ ഡ്രീം പ്രോജക്ട് ആയതു കൊണ്ടാണ് പോര്‍ട്ട് എടുത്തത്. വകുപ്പ് എടുക്കുന്നത് അഴിമതിക്കു വേണ്ടിയാണോ? എന്തൊരു വില കുറഞ്ഞ വര്‍ത്തമാനമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അദ്ദേഹം ഇരിക്കുന്ന കസേരയ്ക്ക് യോജിക്കാത്ത വര്‍ത്തമാനമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ആരുടെയെങ്കിലും കയ്യില്‍ നിന്നും കൈ നീട്ടി വാങ്ങാനാണോ ഐ.ടി വകുപ്പ് പിണറായി വിജയന് കയ്യില്‍ വച്ചതെന്നത് എന്റെ മറുചോദ്യമാണ്. അതിന് മറുപടി പറയട്ടെ. രണ്ടാമത്തെ റൗണ്ട് പറയിപ്പിക്കരുത്.
[വിഴിഞ്ഞത്ത് സി.പി.എം കണ്ണൂർ സെക്രട്ടറിക്ക് ഇത്ര താത്പര്യമെന്ത് ]
വിഴിഞ്ഞം എം.ഡിയെ മാത്രമല്ല, ഒരുപാട് പേരെ മാറ്റി. പലരെയും പല സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്. അതില്‍ എന്താണ് പ്രശ്നം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ വലിയ ആക്ഷേപവും പത്രസമ്മേളനവും കേട്ടു. വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് എന്താ ഇത്ര ഇന്‍ഡ്രസ്റ്റ്? എന്നെക്കൊണ്ട് ചോദിപ്പിക്കരുത്.
[തുരങ്കപാത: കുടുതൽ പഴി കേട്ടത് ഞാൻ]
വയനാട് തുരങ്ക പാതയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ അധിക്ഷേപം കേട്ടയാളാണ് ഞാന്‍. പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി പോകരുതെന്നാണ് പറഞ്ഞത്. വെസ്റ്റേണ്‍ ഗാഡ്സ് വളരെ സെന്‍സിറ്റീവാണ്. ഫ്രെജൈല്‍ ആണ് അവിടുത്തെ മണ്ണ്. മണ്ണ് പരിശോധനാ വിദഗ്ധന്‍ എന്നൊക്കെ പറഞ്ഞ് അന്ന് സി.പി.എം ഹാന്‍ഡിലുകള്‍ കളിയാക്കി. അവരാണ് എനിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പി.ആര് നടത്തിയത്. എന്റെ വികൃതരൂപത്തിലുള്ളതാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ എന്റെ പടം മാത്രമെ ഉണ്ടായിരുന്നുള്ളൂ. തുരങ്കപാത വികസനം തകര്‍ക്കാന്‍ ശ്രമിക്കുന്ന വികസന വിരുദ്ധനെന്ന് പറഞ്ഞാണ് സി.പി.എം അധിക്ഷേപിച്ചത്. സംസ്ഥാനം നടത്തിയ പഠനത്തില്‍ ഒരു കാരണവശാലും തുരങ്കം പാടില്ലെന്നാണ് പറഞ്ഞത്. കേന്ദ്ര സര്‍ക്കാരും വേണ്ടെന്നു പറഞ്ഞു. പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അന്‍പതോളം കര്‍ശന നിര്‍ദ്ദേശങ്ങളുമായാണ് പണി തുടങ്ങിയത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കട്ടെ. ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെട്ട പ്രതിപക്ഷ നേതാവായിരുന്നു ഞാന്‍ എന്നത് നിങ്ങള്‍ ഓര്‍ത്താല്‍ മതി. പരിശോധിച്ച ശേഷമെ പണി തുടരൂ.
[അദാനിയുമായി ബന്ധമോ ]
എന്തെല്ലാം വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. സതീശനും അദാനിയും തമ്മില്‍ ബന്ധമുണ്ടെന്നൊക്കെ നിങ്ങളുടെ ചാനലില്‍ വൈകുന്നേരം പറയുന്നുണ്ടല്ലോ. സര്‍ക്കാരിന്റെയും മന്ത്രിസഭയുടെയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആരോപണം ഉന്നയിച്ചവര്‍ തലയില്‍ മുണ്ടിട്ട് പോയാല്‍ മതി. അത് രാഷ്ട്രീയ നേതാക്കളാണെങ്കിലും മാധ്യമ പ്രവര്‍ത്തകരാണെങ്കിലും. സര്‍ക്കാര്‍ എന്ത് തെറ്റ് ചെയ്തു എന്ന് ചോദിച്ചിട്ട് പോലും നിങ്ങള്‍ക്ക് ഒരു ചോദ്യം പോലും ചോദിക്കാന്‍ സാധിച്ചില്ലല്ലോ. നിങ്ങള്‍ സര്‍ക്കാരിന് എതിരെ മൈക്രോ സ്കോപിക് ലെന്‍സുമായി നടക്കുകയാണ്. ചില ചാനലുകളില്‍ നിന്നാണ് ഇതൊക്കെ ആരംഭിക്കുന്നത്. ഇത്തരം ഗൂഡാലോചന നടത്തുന്നത് ആരാണെന്ന് അറിഞ്ഞ് ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ സര്‍ക്കാര്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ചത്. ഒരാള്‍ക്കും മറുപടിയുണ്ടായില്ല. ഏത് തീരുമാനമാണ് ഞാന്‍ ഒറ്റയ്ക്ക് എടുത്തത്? നിങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തകളാണ്. ഒരു തീരുമാനവും ഒറ്റയ്ക്ക് എടുത്തിട്ടില്ല.
[കശുഅണ്ടി അഴിമതി: തെറ്റായിട്ടൊന്നും ചെയ്തിട്ടില്ല]
കശുഅണ്ടി വികസന കോര്‍പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ തെറ്റായ ഒന്നും നല്‍കിയിട്ടില്ല. തെറ്റ് പരിശോധിച്ച് തിരുത്തിയ അനുമതിയാണ് കോടതിയില്‍ നല്‍കിയത്. ഈ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ അതിന് തയ്യാറായിരുന്നില്ല. ഞങ്ങളുടെ പാര്‍ട്ടിക്കാരനായിട്ടു പോലും പ്രോസിക്യൂഷന് അനുമതി നല്കി.