ഭാര്യയുടെ ആത്മഹത്യ അറിഞ്ഞെത്തിയ ഭർത്താവും ജീവനൊടുക്കി

Share

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്തത റിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ ബംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ (30) ആണ് മരിച്ചത്.സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്‌മ (27)യെ രണ്ടുദിവസം മുമ്പ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

നാലുമാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഹരീഷ്‌മ മൂന്ന് മാസം ഗർഭിണിയായിരുന്നു. ഒരുമാസം മുൻപാണ് സനുക്കുട്ടൻ ജോലിക്കായി ദോഹയിലേക്ക് പോയത്.

ഭാര്യയുടെ മരണവിവരം അറിഞ്ഞതോടെ സനുക്കുട്ടൻ നാട്ടിലേക്ക് മടങ്ങി. ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയശേഷം നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്ന് വീട്ടുകാരെ അറിയിച്ചു.

സഹോദരനും ബന്ധുവും നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും കാണാത്തതിനെതുടർന്ന് ബംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ എത്തിയതായി സ്ഥിരീകരിച്ചു.

ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബന്ധുക്കൾ ബംഗളൂരുവിലെത്തി മലയാളി അസോസിയേഷനെയും പൊലീസിനെയും അറിയിച്ചു.

ഒരു ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിക്കുകയും ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുകയുമായിരുന്നു.

വിവാഹശേഷം സനുക്കുട്ടൻ മദ്യപിച്ച് വീട്ടിലെത്തി ഹരീഷ്‌മയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും ഗാർഹിക പീഡനമാണ്‌ മരണകാരണമെന്നും ഹരിഷ്മയുടെ ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.

സനുക്കുട്ടന്റെ വീട്ടിൽ അമ്മയും സഹോദരിയും സഹോദരിയുടെ ഭർത്താവും സഹോദരനും മാത്രമാണുള്ളത്. പിതാവ് നേരത്തെ മരണപ്പെട്ടു.

സനുക്കുട്ടന്റെ പോസ്റ്റ്മോർട്ടം ബംഗളൂരുവിലെ വൈദേഹി, ആശുപത്രിയിൽ നടത്തിയശേഷം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ സംസ്കരിക്കും.

ഹരീഷ്‌മയുടെ സംസ്കാരം മാവേലിക്കരയിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *