കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നാണ് ചൊല്ല്. അത്രയ്ക്ക് മനോഹരമാണ് കൊല്ലം. മനസ് നിറയ്ക്കുന്ന കാഴ്ചകളുടെ പൂരം തന്നെ കൊല്ലത്തുണ്ട്. ക്ഷേത്രങ്ങളുടെ നാടായ കൊല്ലം ഉത്സവങ്ങളുടെ നാടു കൂടിയാണ്.
സത്ക്കാര പ്രിയരാണ് കൊല്ലംകാർ. കല്യാണസദ്യ പൊളപ്പനാണ്. പക്ഷേ, ഒരു കാര്യം സദ്യ മോശമായാൽ ഇടപെടും. വാക്കുകൾ കൊണ്ടല്ല, ചിലപ്പോൾ കൈയ്യും കാലും വരെ പൊക്കിയെന്നിരിക്കും.
പപ്പടത്തിനും ബിരിയാണിക്കൊപ്പം സലാഡിനും അടിയുണ്ടാക്കിയ ഈ കല്യാണവീരൻമാരുടെ കല്യാണ അടിക്കഥകൾ എത്രയോ കേരളം കേട്ടിരിക്കുന്നു. കേട്ട് കേട്ട് ചിരിച്ചിരിക്കുന്നു.
ഇപ്പോൾ ഒരു പുതിയ കഥയാണ് വൈറലായത്.ഇന്ന് നടന്ന കല്യാണത്തിന് ശേഷം നടന്ന സത്കാരത്തിൽ ഐസ് ക്രീം ആണ് വില്ലനായത്.
പള്ളിമുക്കിലായിരുന്നു സംഭവം. അടിയെന്ന് വച്ചാൽ പൊരിഞ്ഞ അടി. വരൻ്റെ കൂട്ടർ ഐസ്ക്രീം ചോദിച്ചു. തീർന്നു പോയെന്ന് കാറ്ററിംഗ്കാരൻ. ആ ഇരിക്കുന്നതെന്തോടോ എന്നും പറഞ്ഞ് ഒരാൾ ഐസ് ക്രീം പെട്ടിയെടുത്തെറിഞ്ഞു.ഇതോടെ അടിയോടടിയായി. ചിറ്റുമല – ഇരവിപുരം സ്വദേശികളാണ് വധൂവരൻമാർ.
അടി മൂത്തതോടെ വധു ബോധംകെട്ട് വീണു. അങ്ങനെയാണ് അടിക്ക് ശമനമുണ്ടായത്. എൻ്റെ കൊല്ലമേ, നിൻ്റെയൊരു കാര്യം.
അടി കഴിഞ്ഞു ഇനി !കല്യാണം നടക്കട്ടെ. കേസൊന്നുമില്ല മച്ചാനെ അവർ തങ്ങളിൽ തങ്ങളിൽ പറഞ്ഞു. കേസെടുക്കാനെത്തിയ പൊലീസുകാരും പറഞ്ഞു – ങ്ങാ -പോട്ട്!