[ ഫൈനൽ നാളെ രാത്രി 12.30ന് ]
ഫുട്ബോളിൻ്റെ ലോകയുദ്ധത്തിന് നാളെ പരിസമാപ്തി. കപ്പിൽ ആര് മുത്തമിടും. അർജന്റീനയോ, സ്പെയ്നോ.?
ആ ത്രിൽ കണ്ടറിയാൻ ലോകം കാത്തിരിക്കുകയാണ്. നാളെ രാത്രി 12.30നാണ് ഫൈനൽ മത്സരത്തിന് വിസിൽ മുഴങ്ങുക.
നിലവിലെ ചാമ്പ്യന്മാരാണ് അർജന്റീനയെങ്കിൽ മുൻ ചാമ്പ്യന്മാരാണ് സ്പെയ്ൻ. അപ്പോൾ മത്സരം കൊഴുക്കും.അവർ കടന്ന് വന്ന മത്സരങ്ങളിലെല്ലാം അത് കണ്ടതാണ്.
ഇംഗ്ളണ്ടിനോട് ഒരു ഗോളിന് പിന്നിൽ നിന്നെങ്കിലും അവസാന ഏഴുമിനിട്ടിനിടെ നേടിയ രണ്ടുഗോളുകൾ കൊണ്ട് ഇംഗ്ലണ്ടിനെ തകർത്താണ് അർജന്റീന തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കാനൊരുങ്ങുന്നത്.
മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് സ്പെയ്ൻ സെമിയിൽ ലോകകപ്പിൻ്റെ പ്രതീക്ഷ കണ്ട ഫ്രാൻസിനെ അടിച്ച് പുറത്താക്കിയത്.
ലോകഫുട്ബാളിലെ സൂപ്പർ സ്റ്റാർ ലയണൽ മെസിയുടേയും 19 കാരൻ പയ്യനും ലോകോത്തര താരമായി മാറിയ ലാമിൻ യമാലിന്റേയും ഉശിരി നാണ് ഫെെനൽ വേദിയാകുന്നത്.
ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തിലേക്കാണ് എല്ലാ കണ്ണുകളും. ആ ലോക വിസ്മയ പോരാട്ടത്തിനായി ലോകം നാളെ ഉറങ്ങാതെ കാത്തിരിക്കും. ആ നിമിഷങ്ങളെ ആവേശ സുന്ദരമാക്കാൻ കേരളം ത്രില്ലടിച്ച് നിൽക്കുകയാണ്.
ലിയാൻഡ്രോ പരേഡസും മക് അലിസ്റ്ററും മൊളീനയും സിമയോണിയും ലൗതാരോ മാർട്ടിനെസും തഗ്ളിയാഫിക്കോയും ഗോളി എമിലിയാനോ മാർട്ടിനെസുമൊക്കെ മെസിക്ക് പിന്നിൽ നിന്ന് ഫുട്ബോളിൽ നൃത്തം വയ്ക്കും.
കഴിഞ്ഞ യൂറോകപ്പിലെ ഏറ്റവും മികച്ച താരമായ മിഡ്ഫീൽഡർ റൊഡ്രിയാണ് സ്പാനിഷ് നായകൻ.
മൈക്കേൽ ഒയർസബാൽ, ഡാനി ഓൾമോ,കുക്കറേല,മൈക്കേൽ മെരിനോ,പെഡ്രി, പാവു കുബാർസി, ഫാബിയൻ റൂയിസ് തുടങ്ങിയവർ സ്പാനിഷിനായി കാണാകളികളെടുക്കുമ്പോൾ പ്രവചിക്കാനാവാത്ത നിമിഷങ്ങളായി അത് മാറും. അർജൻ്റീനയ്ക്കാണ് ലോകത്ത് ആരാധകർ ഏറെയുള്ളതെങ്കിലും ഇക്കുറി അത് തെറ്റുമോ അതോ കിരീടം അണിയുമോ എന്നതാണ് ലോകമാകെ ഉയർന്ന് നിൽക്കുന്ന ചോദ്യം.