കെ.പി.സി.സി ഓഫീസിലേക്ക് പ്രകടനം നടത്തി പ്രകോപനം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് പ്രസിഡൻറ് സണ്ണി ജോസഫ്.
വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് നേരെയും അതിന് പിന്തുണ നൽകിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയും കേന്ദ്രസേനയും ഡല്‍ഹി പോലീസും നടത്തിയ അതിക്രമത്തിനെതിരെ ശക്തമായ ജനരോഷം ഉയരുന്ന സാഹചര്യത്തിൽ, അതിൻ്റെ ജാള്യത മറക്കാനാണ് ബിജെപി അദ്ധ്യക്ഷൻ്റെ നേതൃത്വത്തിൽ കെപിസിസി ആസ്ഥാനത്തേക്ക് രാഷ്ട്രീയ പ്രഹസന ജാഥ നടത്തിയത്.
ബിജെപിയുടെ നടപടിയെ കോൺഗ്രസ് ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും, അത് അക്രമത്തിന്റെയും സംഘർഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ലൈസൻസല്ല.
ബിജെപിയുടെ രാഷ്ട്രീയ പരാജയങ്ങളും ജനവിരുദ്ധ നയങ്ങളും മറച്ചുവയ്ക്കാനുള്ള നിരാശാജനകമായ ശ്രമമാണ് ഇത്തരം പ്രകോപനപരമായ സമരങ്ങൾ. കേരളത്തിൽ സമാധാനപരമായ രാഷ്ട്രീയ സംസ്കാരത്തെ തകർക്കാനും സംഘർഷം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയും. പൊതുസമൂഹത്തിൻ്റെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയെടുക്കുന്ന കോൺഗ്രസ് നിലപാടുകളെ ഭീഷണിപ്പെടുത്തിയോ ആക്രമിച്ചോ ഇല്ലാതാക്കാമെന്ന വ്യാമോഹം ആരും വച്ചുപുലർത്തേണ്ടതില്ല.
ജനാധിപത്യ മൂല്യങ്ങളും നിയമവാഴ്ചയും ഉയർത്തിപ്പിടിച്ച് കോൺഗ്രസ് ഇത്തരം പ്രകോപനങ്ങളെ രാഷ്ട്രീയമായി നേരിടും. അക്രമ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ല.