വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് വോട്ട് ചെയ്ത് കോൺഗ്രസിൽ നിന്ന് പുറത്തായവർ ചേർന്ന് പാലാ നഗരസഭ ഭരണം കൈയാളാൻ ശ്രമം. ഇടതുമുന്നണിയുടെ പിൻതുണയോടെ അധികാരത്തിലെത്താനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്.
കോൺഗ്രസ് ചെയർപേഴ്സൺ തന്നെ ഉണ്ടാകുമെന്നും ചെയർപേഴ്സൺ സ്ഥാനാർഥി ആരാകുമെന്നത് കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും
കോൺഗ്രസ് പുറത്താക്കിയ കൗൺസിലർ ടോണി തൈപ്പറമ്പിൽ.
പാലാ നഗരസഭയിൽ ചെയർപേഴ്സണെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതിന് പാർട്ടി നടപടി സ്വീകരിച്ചതിൽ വിഷമമുണ്ട്. പാർട്ടി പ്രവർത്തകനായി തന്നെ മുന്നോട്ടു പോകുമെന്നും ആരോടും പരിഭവമോ ദേഷ്യമോ ഇല്ലെന്നും ടോണി തൈപ്പറമ്പിൽ പറഞ്ഞു. ആരുടെ പിന്തുണയും സ്വീകരിക്കുന്നതിൽ തെറ്റില്ല എന്നായിരുന്നു ടോണിയുടെ പ്രതികരണം. പാലായുടെ നല്ലതിനുവേണ്ടി പ്രവർത്തിക്കുന്ന ആളുകളുടെ പിന്തുണയോടെ മുന്നോട്ടുപോകും.
വിമതകൗൺസിലർമാരെ പിന്തുണയ്ക്കുമെന്ന് ഇന്നലെ തന്നെ എൽ.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ചെയർപേഴ്സൺ സ്ഥാനത്തിന് വനിതാ സംവരണമുള്ള പാലായിൽ വിമത കൗൺസിലർമാരിൽ മൂന്ന് പേരും വനിതകളാണ്.
പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത നാല് കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്നും കോൺഗ്രസ് പുറത്താക്കിയിരുന്നു. കെ.പി.സി.സി പ്രസിഡൻ്റിൻ്റെ നിർദ്ദേശാനുസരണം ഡി.സി.സി പ്രസിഡൻ്റാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.