തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ കനത്ത മഴ; സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

Share

തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ വിലയിരുത്തി.

മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ഫോണിൽ ബന്ധപ്പെട്ടായിരുന്നു പ്രധാനമന്ത്രി രക്ഷാ – സമാശ്വാസ ദൌത്യങ്ങൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചത്.

എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം വടക്കൻ തമിഴ്നാടിന്റെ തീരത്തേയ്ക്ക് നീങ്ങിയതോടെയാണ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയും പ്രളയവും ഉണ്ടായത്.

ജില്ലാ കളക്ടർമാരുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സ്ഥിതിഗതികൾ വിലയിരുത്തി.

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.

പ്രധാന ഗവൺമെന്റ് സ്ഥാപനങ്ങളെല്ലാം ഇന്നും അടച്ചിടും.

സ്വകാര്യ സ്ഥാപനങ്ങളോട് അവധി പ്രഖ്യാപിക്കുവാനോ ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം സൌകര്യം ഒരുക്കുവാനോ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ദീപാവലി അവധിക്ക് ശേഷം ചെന്നൈയിലേയ്ക്ക് മടങ്ങുന്നവരോട് യാത്ര മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ തിരുവള്ളൂർ. ചെങ്കൽപെട്ട്, മധുരൈ ജില്ലകളിലേയ്ക്ക് അയച്ചിട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ സേനയുടെ അംഗങ്ങളെ ചെന്നൈയിലെ വിവിധ പ്രദേശങ്ങളിലും വിന്യസിച്ചു.

വ്യോമ- റെയിൽ ഗതാഗതത്തെയും കനത്ത മഴ സാരമായി ബാധിച്ചു.