ചിക്കന് 250

Share

സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ ഉയരുന്നു. കോഴിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ദ്ധനവാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്.

50 കിലോ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഒറ്റയടിക്ക് 500 രൂപ കൂടി. ഇതോടെ 1,350 രൂപയുണ്ടായിരുന്ന ഒരു ചാക്ക് തീറ്റയ്ക്ക് 1,850 രൂപയായി.

തീറ്റവില കുതിച്ചുയര്‍ന്നതോടെ വിപണിയില്‍ കോഴിയിറച്ചി വില കിലോയ്ക്ക് 240 മുതല്‍ 250 രൂപ വരെയായി.

തീറ്റനിര്‍മ്മാണത്തിനാവശ്യമായ ചോളം, സോയാബീന്‍, ഗോതമ്പ്, ഉണക്കമീന്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ കടുത്ത ക്ഷാമമാണ് വിലക്കയറ്റത്തിലേക്ക് നയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ മാറ്റങ്ങളെ തുടര്‍ന്ന് ചോളവും ഗോതമ്പും വന്‍തോതില്‍ എഥനോള്‍ നിര്‍മ്മാണത്തിലേക്ക് വഴിതിരിച്ചുവിടുന്നതും വിപണിക്ക് തിരിച്ചടിയാകുന്നുണ്ട്.

മഴയുടെ അളവ് കുറഞ്ഞതോടെ കോഴികളുടെ ഉത്പാദനം കുറയുമെന്ന ഭീതി നിലനില്‍ക്കെ, കമ്പോളത്തില്‍ കടുത്ത കൃത്രിമ വിലക്കയറ്റത്തിനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. ആഭ്യന്തര ഉത്പ്പാദനത്തിലെ കുറവ് മുതലെടുത്ത് അയല്‍ സംസ്ഥാനങ്ങളിലെ വന്‍കിട കോഴി ഫാമുകള്‍ ആസൂത്രിതമായി വില ഉയര്‍ത്തുന്നതായി ആരോപണമുണ്ട്.

കോഴിമുട്ടയുടെ വിലയും കൂടി. ഒരു മുട്ടയ്ക്ക് 8.50 രൂപ.

വില വര്‍ദ്ധനവ് മൂലം വിപണിയില്‍ കച്ചവടം പകുതിയായി ഇടിഞ്ഞതായി വ്യാപാരികള്‍ പറയുന്നു.

പ്രതിദിനം 3,000 കിലോ വരെ കോഴിയിറച്ചി വിറ്റിരുന്ന കടകളില്‍ അതിന്റെ പകുതി പോലും വിൽക്കുന്നില്ല.

ഹോട്ടലുകളും കാറ്ററിംഗ് ഏജന്‍സികളും കോഴിയിറച്ചി വാങ്ങുന്ന അളവ് ഗണ്യമായി കുറച്ചതോടെ ചെറുകിട കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലാണ്.