ചക്കക്കുരു പോലെ കോഴിക്കോട് കോഴിമുട്ട

Share

കോഴിക്കോട് : വ്യത്യസ്ത വലിപ്പത്തിൽ കോഴികളും താറാവുമൊക്കെ മുട്ടയിടാറുണ്ട്. അത്തരം ഒരു മുട്ടയാണ് കോഴിക്കോട് കുന്നമംഗലം അരിനോളിച്ചാലിൽ ലതയുടെ വീട്ടിലെ കോഴിയിട്ടത്.

കഴിഞ്ഞ ദിവസം നാടൻ കോഴിയിട്ട മുട്ടയ്‌ക്ക് ഒരു ചക്കക്കുരുവിൻറെ  വലിപ്പമേയുള്ളൂ. അത്രതന്നെ നീളവും. ഇളംചുവപ്പുള്ള പുറന്തോടിന് സാധാരണ ഉറപ്പുണ്ട്. ഇരുവശവും കൂർത്ത് നടുവിൽ അണ്ടിപ്പരിപ്പിന്റെ രൂപത്തിൽ അൽപം കുഴിഞ്ഞിട്ടുണ്ട്. ആദ്യമായാണ് കോഴി ഈ വലുപ്പത്തിൽ മുട്ടിയിട്ടത്. അപൂർവ്വ ഇനം കോഴിമുട്ട കാണാൻ നാട്ടുകാരും എത്തുന്നു.

ചില തരം രോഗാവസ്ഥയിലാണ് ഇത്തരം മുട്ടയിടുന്നതെന്ന് കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടർ ശിഹാബുദ്ധീൻ പറഞ്ഞു. കഠിനമായ അണുബാധമൂലമുളള ബ്രോങ്കൈറ്റിസ് ഉള്ള കോഴികൾ വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലും മുട്ടയിടാറുണ്ടെങ്കിലും ഇത്തരത്തിൽ മുട്ട അറിവിലില്ലെന്നും അദ്ദേഹം പറഞ്ഞു.