കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഗതാഗതം നിരോധിച്ചു

Share

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‌ഫോമിലെ ഗതാഗതം നിരോധിച്ചു. ക്ലോക്ക് ടവറിന്റെ അപകടവസ്ഥയിലുള്ള ഭാഗം ഉടൻ പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായാണ് ഒന്നാം ട്രാക്കിലെ ഗതാഗതം നിരോധിച്ചത്. ഇതോടെ ഒന്നാം പ്ലാറ്റ്‌ഫോമിൽ എത്തേണ്ട കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് നാലാം പ്ലാറ്റ്‌ഫോമിൽ എത്തും. ട്രെയിൻ നിലവിൽ ഒരു മണിക്കൂറിലധികം വൈകി ഓടുകയാണ്.

റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണതോടെ നിരവധി യാത്രക്കാർ വലഞ്ഞു. ഉച്ചയ്ക്ക് 12:45 മുതൽ തിരുവനന്തപുരം ജനശതാബ്ദിക്കായി കാത്തിരുന്നവർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ
ഉണ്ടായിരുന്നു.

കെട്ടിടം പൊളിഞ്ഞു വീണതോടെ ജനശതാബ്ദി പുറപ്പെടുന്നത് 1:50ന് കല്ലായിൽ നിന്നായിരിക്കും എന്ന് റെയിൽവേയുടെ അറിയിപ്പ് വന്നു. കല്ലായിലേക്കും വടക്കോട്ടുള്ള ട്രെയിൻ യശ്വന്ത്പൂർ എക്സ്പ്രസ്സ് പുറപ്പെടുന്ന വെസ്റ്റിഹിലിലേക്കും യാത്രക്കാരെ കൊണ്ടുവിടാൻ കെ.എസ്.ആർ.ടി.സി സൗകര്യം ഒരുക്കിയിരുന്നു.

ചിലർക്ക് വലിയ ബാഗ് കാരണം കയറാൻ സാധിച്ചില്ല. വളരെ പ്രയാസപ്പെട്ടാണ് ചുരുങ്ങിയ സമയം കൊണ്ട് പലരും കല്ലായിയിൽ എത്തിയത്. ട്രെയിൻ എത്തിയത് ആകട്ടെ 3:15നാണ്. ജനശതാബ്ദിക്കായി കാത്തിരുന്നവരുടെ കൂട്ടത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഉണ്ടായിരുന്നു.

ഒരു നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടമാണ് തകർന്ന് വീണത്. രണ്ടാം പ്ലാറ്റ്‌ഫോമിൽ ഇന്നലെ നിർത്തിയിട്ട ട്രെയിനിന് മുകളിലേക്കാണ് കെട്ടിടാവശിഷ്ടങ്ങൾ പതിച്ചത്. അപകട സമയത്ത് പ്ലാറ്റ്‌ഫോമിൽ യാത്രക്കാരില്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. 3 മാസം മുമ്പ് കെട്ടിടം അപകടത്തിലാണെന്ന് റെയിൽവേ കണ്ടെത്തിയിട്ടും റെയിൽവേ സ്റ്റേഷനിൽ ഒരു മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *