കാപ്പി കുടിക്കൂനല്ലതാ

Share

ഹൃദയാരോഗ്യത്തിന് കാപ്പി ഗുണം ചെയ്യുമെന്നും ദിവസവും രണ്ടുമുതല്‍ അഞ്ചു കപ്പുവരെ കാപ്പി കുടിക്കുന്നത് സുരക്ഷിതമാണെന്നും അമേരിക്കന്‍ ഹാര്‍ട്ട് ‘ അസോസിയേഷന്‍.

സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന അവലോകനത്തിലാണ് ഇക്കാര്യം പറയുന്നത്.

മിതമായ അളവില്‍ കാപ്പി കുടിക്കുന്ന, ആരോഗ്യമുള്ള മുതിര്‍ന്നവരില്‍ കൊറോണറി ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസ്തംഭനം, ഏട്രിയല്‍ ഫൈബ്രിലേഷന്‍, രക്താതിസമ്മര്‍ദം, ടൈപ്പ്-2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണെന്ന് പഠനം പറയുന്നു.

ഏകദേശം 400 മില്ലിഗ്രാംവരെ കഫീന്‍ ദിവസവും കഴിക്കുന്നത് ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കില്ലെന്നാണ് വിവിധ പഠനങ്ങളുടെ അവലോകനത്തില്‍ കണ്ടെത്തിയത്.

ഫില്‍ട്ടര്‍ കാപ്പികള്‍ക്കും ഇന്‍സ്റ്റന്റ് കാപ്പികള്‍ക്കുമാണ് ആരോഗ്യഗുണങ്ങള്‍ സംബന്ധിച്ച തെളിവുകളുള്ളത്. ഫില്‍ട്ടര്‍ ചെയ്യാത്ത കാപ്പികളില്‍ ചീത്ത കൊളസ്‌ട്രോള്‍ ഉയര്‍ത്താന്‍ സാധ്യതയുള്ള ‘ഡെറ്റര്‍പീന്‍’ സംയുക്തങ്ങള്‍ കൂടുതലായിരിക്കും.

എനര്‍ജി ഡ്രിങ്കുകള്‍ക്ക് ഈ കണ്ടെത്തലുകള്‍ ബാധകമല്ലെന്നും അവയിലെ ഉയര്‍ന്ന കഫീന്റെ സാന്നിധ്യവും മറ്റു ഘടകങ്ങളും രക്തസമ്മര്‍ദം ഉയരാനും ഹൃയമിടിപ്പിന്റെ ക്രമംതെറ്റാനുമിടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

കഫീനോടുള്ള ശരീരത്തിന്റെ പ്രതികരണം ആളുകള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നതിനാല്‍ ഗര്‍ഭിണികള്‍, ഹൃദ്രോഗം നേരത്തേയുള്ളവര്‍ തുടങ്ങിയവരൊക്കെ ഡോക്ടറുടെ നിര്‍ദേശപ്രകാരമേ കാപ്പിയുടെ അളവ് നിശ്ചയിക്കാവൂ എന്നും എ.എച്ച്.എ. പറഞ്ഞു.