കള്ള് ഷാപ്പുകൾ ജാഗ്രതൈ; കുടിയന്മാരെ പറ്റിച്ചാൽ മണിച്ചിത്രത്താഴിട്ട് പൂട്ടും

Share

കള്ള് ഷാപ്പ് നടത്തുന്ന
മാമ്മൻമാർ സൂക്ഷിച്ചോ. കള്ളടിക്കാൻ വരുന്നവരെ കണ്ണും പൂട്ടി പറ്റിച്ചാൽ തൂക്കിയെടുത്ത് നിലത്തടിക്കും. കള്ള് കുടിയൻമാരല്ല, എക്സൈസും ഭക്ഷ്യ സുരക്ഷാ വിഭാഗവും ചേർന്ന്.

ഒറിജിനലിന് പകരം കലക്കിയ കള്ള് ഒറിജിനൽ എന്നും പറഞ്ഞ് കൊടുക്കുക, പഴകിയ ഭക്ഷണം നൽകുക, വിലകൂടിയ മീനെന്നും പറഞ്ഞ് വില കുറഞ്ഞ മീൻ നൽകി പറ്റിക്കുക തുടങ്ങിയവ വച്ച് നടത്തുന്നവരെ വച്ച് പൊറുപ്പിക്കില്ല. അമ്മയാണെ സത്യം. പറയുന്നത് മറ്റാരുമല്ല, അധികാരികൾ തന്നെ.

കൃത്രിമക്കള്ള് ഉത്പാദനവും വില്‍പ്പനയും തടയാന്‍ എക്‌സൈസ് രൂപീകരിച്ച ഓപ്പറേഷന്‍ ശുദ്ധിയുടെ പ്രവർത്തനം വിപുലീകരിച്ചു കൊണ്ടാണ് ശുദ്ധികലശം.

ഷാപ്പുകളില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ശുചിത്വവും നിലവാരവും ഉറപ്പാക്കാൻ എക്സൈസും ഭക്ഷ്യ സുരക്ഷാ വിഭാഗവും കച്ചകെട്ടിയിറങ്ങുകയാണ്. കണ്ടെത്തിയാൽ പൂട്ട് വീഴും.ഷാപ്പിന് എന്നന്നേക്കുമായി തുറക്കാനാവാത്ത പൂട്ട്.

കോട്ടയത്ത് ഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ച യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന പരിശോധനയിലേക്ക് കടക്കുന്നത്.

സംസ്ഥാനത്തെ 3913 കള്ളുഷാപ്പുകളില്‍ 2310 എണ്ണത്തില്‍ ഭക്ഷണവിതരണവും ഉണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കണക്ക്. മിക്കഷാപ്പുകളിലെയും അടുക്കള വൃത്തിഹീനമാണ്. നോക്കിയാൽ “അയ്യേ ” എന്ന് പറഞ്ഞ് ബോധംകെട്ട് വീഴും.

അടുക്കളകള്‍ നവീകരിക്കാന്‍ നടത്തിപ്പുകാര്‍ക്കും ലൈസന്‍സിക്കും നിര്‍ദേശം നൽകും.

ഗുരുതര പോരായ്മകള്‍ കണ്ടെത്തുന്ന പാചകപ്പുരകള്‍ പൂട്ടിക്കും.

ഷാപ്പുകളിൽ തിരക്കേറുകയാണ്.വനിതകളടക്കം കള്ള് കുടിക്കാനും ഷാപ്പിലെ ഭക്ഷണം കഴിക്കാനുമെത്തിക്കൊണ്ടിരിക്കുന്ന ടെൻഡ് വർദ്ധിച്ച് വരികയാണ്. ഷാപ്പിലെ ഭക്ഷണം പുതുതലമുറയ്ക്ക് പാഷനാവുകയാണ്.പണ്ടൊക്കെ മുണ്ട് തലയിലിട്ടു കൊണ്ടാണ് ഷാപ്പിൽ കയറിയിരുന്നെങ്കിൽ ഇപ്പോൾ കൂളായിട്ട് ഷാപ്പിൽ കൂട്ടത്തോടെ വന്ന് കള്ള് മോന്തുന്ന രീതിയിലേക്ക് കാലം മാറി.

വിദേശികളും കള്ള് തേടി ഷാപ്പുകളില്‍ എത്തുന്നു.
കള്ളിനേക്കാള്‍ ഭക്ഷണം വില്‍ക്കുന്നതിലൂടെയാണ് ഷാപ്പുകൾ പണം കൊയ്യുന്നത്. രുചിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷാപ്പുകളും ഗുണമേന്മയയിലും ശുചിത്വ കാര്യങ്ങളിലും ശ്രദ്ധിക്കാറില്ലെന്നും പരാതി ദീര്‍ഘ കാലമായി ഉണ്ട്.
ഭക്ഷണ സാധനങ്ങള്‍ക്കു മിക്കഷാപ്പുകളും കൊള്ള നിരക്കാണ് ഈടാക്കിയിരുന്നത്. ഇതിനൊപ്പം പഴകിയ ഭക്ഷണ സാധനങ്ങള്‍ നൽകി കബളിപ്പിക്കുന്നു. കരിമീനെന്ന പേരില്‍ സിലോപ്പിയ പൊള്ളിച്ചു നല്‍കുന്നത് മറ്റൊരു പറ്റിപ്പ്.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഹോട്ടലുകള്‍ക്കുള്ള എല്ലാ നിബന്ധനകളും കള്ളുഷാപ്പുകളിലെ ഭക്ഷണപ്പുരകള്‍ക്കും ബാധകമാണെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി അധികൃതര്‍ പറയുന്നു.

ഷാപ്പുകളില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ശുചിത്വവും നിലവാരവും ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് എക്സൈസ് മന്ത്രി എം. ലിജുവിന്റെ നിര്‍ദേശം.

ഷാപ്പുകളില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ശുചിത്വവും നിലവാരവും ഉറപ്പാക്കണം. കൃത്രിമക്കള്ള് ഉത്പാദനവും വില്‍പ്പനയും തടയാന്‍ എക്‌സൈസ് രൂപീകരിച്ച ഓപ്പറേഷന്‍ ശുദ്ധിയുടെ ഭാഗമായി എല്ലാ ജില്ലകളിലും മൂന്നുവീതം എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്ല്‍ സ്‌ക്വാഡുകള്‍ ഒരുക്കാന്‍ എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ അധികൃതരും പരിശോധനകളില്‍ പങ്കാളികളാവും.
ഷാപ്പുകളില്‍ പോരായ്മകള്‍ കണ്ടാല്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച്‌ പൊതുജനങ്ങൾക്ക് അറിയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *