കളിക്കരുത്;ഫൗളാകും

Share

വി.ഡി.സതീശൻ സർക്കാരിന് മുന്നിൽ പ്രതിപക്ഷമായ എൽ.ഡി.എഫ് തോറ്റ് തെന്നുമ്പോൾ കെ.എസ്.യു പ്രതിപക്ഷത്തിൻ്റെ റോൾ എടുത്താൽ എങ്ങനെയിരിക്കും. അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

വി.ഡി.സതീശൻ സർക്കാർ വികസനത്തിൻ്റെയും ക്ഷേമത്തിൻ്റെയും ഗോളുകൾ ഒന്നൊന്നായി ജനമനസുകളുടെ ഗോൾപോസ്റ്റിൽ മറിച്ച് കുലുക്കുമ്പോൾ കെ.എസ്.യു ഇടയിൽ കയറി ഫൗൾ കളിക്കുകയാണ്. ഉന്തും തള്ളും നടത്തി കളിയുടെ ഭംഗി കെടുത്തുന്ന അവസ്ഥ.ഇത് ആർക്ക് ഗുണം ചെയ്യും ആർക്ക് ദോഷം ചെയ്യുമെന്ന് ഫൗൾ കളിക്കുന്നവർ ഓർക്കുന്നത് നന്ന്.

പബ്ളിക് പ്രോസിക്യൂട്ടർ നിയമനത്തെച്ചൊല്ലിയാണ് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് സർക്കാരിന് മേൽ കുതിര കയറാനെത്തിയത്.

സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനത്തില്‍ രണ്ടു പേരുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

ഗവ. പ്ലീഡർമാരെ നിയമിക്കുന്നതിൻ്റെ പരാതി ഉയർത്തിയത് കെ.എസ്.യു വാണ്. ഗവ. പ്ലീഡർമാരെ നിയമിക്കുന്നിടത്ത് കെ.എസ്.യുവിന് എന്ത് കാര്യമെന്ന് മുഖ്യമന്ത്രി ചോദിച്ചതാണ് അവർക്ക് ക്ഷീണമായതെന്നാണ് പറയുന്നത്.

കൊച്ചി തേവരയില്‍ മുഖ്യമന്ത്രിയും കെ.എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ഒരു പരിപാടിയില്‍ പങ്കെടുത്തിട്ടും, മുഖം നൽകാതെ വി.ഡി.
സതീശന്‍ മടങ്ങിയത് വിവാദമായത് ചർച്ചകൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.

മുഖ്യമന്ത്രി അവഗണിച്ചു പോയതില്‍ കെ.എസ്. യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പിന്നീട് പ്രതികരിച്ചത് ഇങ്ങനെ: കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോള്‍ ചിരിക്കുകയെന്നത് താന്‍ പഠിച്ച രാഷ്ട്രീയം.

മുഖ്യമന്ത്രി തന്നെ കണ്ടിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല. താന്‍ പഠിച്ച രാഷ്ട്രീയം സമുന്നതരെ കാണുമ്പോള്‍ ചിരിക്കുക എന്നുള്ളതാണ്. കെ. എസ്. യു പ്രവര്‍ത്തകരുടെ ചോരയും നീരും വിയര്‍പ്പും കൂടിയാണ് യു.ഡി.എഫ് സര്‍ക്കാര്‍.

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെറിയ വീഴ്ച ഉണ്ടായി. ആ തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് താന്‍ ചെയ്ത തെറ്റ്. തെറ്റു കണ്ടാല്‍ അത് പറയുന്ന ശീലം തുടരും. അത് വിമര്‍ശനമായി കാണേണ്ടെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

കെ.എസ്. യുവിൻ്റെ പോരാട്ടവീര്യം ഓർമിപ്പിച്ച് കോൺഗ്രസിനെ വാർത്തെടുത്തതിൽ കെ.എസ് യുവിൻ്റെ പങ്ക് ആർക്കും നിഷേധിക്കാനാവില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രി കെ.എസ്‌.യു സംസ്ഥാന പ്രസിഡണ്ടിന് സന്ദർശന അനുമതി നിഷേധിച്ച വിഷയത്തിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കെ.എസ്.യു വിൻ്റെ
ഇത്തരം പരാതികളും, പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ടുള്ള യോഗങ്ങളിലും നേതാക്കളെയും ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കെ.എസ്‌.യുവിന്റെ പ്രശ്നങ്ങൾ പാർട്ടിയും പരിഹരിക്കും. ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാണുന്ന സർക്കാരാണ് ഇപ്പോൾ അധികാരത്തിലുള്ളത്
അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രതീക്ഷക്കൊപ്പം പ്രവർത്തിക്കണമെന്നും, സർക്കാരിന് അലോസരം ഉണ്ടാക്കുന്ന പ്രതിസന്ധികൾ ഉണ്ടാകാതെ ശ്രമിക്കണം.

എങ്കിലും പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുത്.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വി.ഡി.സതീശനെ കാണാന്‍ അവസരം നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.

കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചത് മുഖ്യമന്ത്രി കൊല്ലത്തുണ്ടായിരുന്ന വ്യാഴാഴ്ചയാണ്. പിറ്റേന്ന് മുഖ്യമന്ത്രി കൊച്ചിയിലുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും പക്ഷേ കന്യാകുമാരില്‍ പോകുകയാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിയോജിപ്പ് പരസ്യമാക്കിയതിനെ തുടര്‍ന്നാണ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയതും. ഇതിനിടെ ഇന്നലെ എറണാകുളം തേവരയില്‍ നടന്ന ചടങ്ങില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റിനെ കണ്ടിട്ടും മുഖ്യമന്ത്രി മുഖം കൊടുക്കാതെ മടങ്ങിയതും വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. തേവരയില്‍ വച്ചും മുഖ്യമന്ത്രി മുഖം കൊടുക്കാതെ മടങ്ങിയതോടെ പിഴവ് ചൂണ്ടിക്കാട്ടുകയാണ് കെഎസ്‌യു ചെയ്തതെന്നും അത് തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും തുടരുമെന്നുമായിരുന്നു അലോഷ്യസ് സേവ്യറിന്റെ പ്രതികരണം.

അതിനിടെ പ്രശ്നത്തില്‍ ഇടപെടണമെന്ന് കെപിസിസി അധ്യക്ഷനോട് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. യുഡിഎഫ് ഭരണത്തില്‍ കെ എസ് യുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തത് നിര്‍ഭാഗ്യകരമെന്നാണ് പരാതി. അതേസമയം, അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വി ഡി പക്ഷത്തിന്റെ വാദം. യുവാക്കളെ ഇറക്കി വിടുന്നതിനു പിന്നില്‍ ഗ്രൂപ്പ് താല്പര്യമെന്നാണ് ആക്ഷേപം. കെപിസിസി അധ്യക്ഷനോട് അലോഷ്യസ് പരാതി അറിയിച്ചു.

കെഎസ്‌യുവിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ ജിന്റോ ജോണും അനൂപ് വി.ആറും സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ കെഎസ്‌യുവിന്റെയും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കൂടി സര്‍ക്കാരാണെന്നും അവരെ കൂടി പരിഗണിക്കണമെന്നുമായിരുന്നു വിമര്‍ശനം. ആശങ്കകള്‍ തിരുത്തപ്പെടാതെ വരുമ്പോഴാണ് അഭിപ്രായവ്യത്യാസം തുറന്ന് പറയുന്നതെന്ന് ജിന്റോ ജോണ്‍ നിലപാട് വ്യക്തമാക്കി.

ജനങ്ങൾ 102 സീറ്റ് നൽകി അധികാരത്തിലേറിയതാണീ സർക്കാരിനെ. അതിനെ ഇല്ലാതാക്കാനോ ഇടയിൽ കൂടി നുഴഞ്ഞ് കയറാനോ ആര് ശ്രമിച്ചാലും ജനം പൊറുക്കില്ല എന്നോർക്കുന്നത് നന്ന്.

Leave a Reply

Your email address will not be published. Required fields are marked *