എ.ഡി.ജി.പി എം
ആർ.അജിത്കുമാർ ഡി.ജി.പിയാകുമോ.ആകാൻ വേണ്ടി അജിത്കുമാർ സകല കരുക്കളും നീക്കുമ്പോൾ അതിനെ തടയിടാൻ ബദൽ നീക്കം അതീവസജീവം.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറലായ നിതിന്‍ അഗര്‍വാള്‍ ഈ 31 ന് വിരമിക്കുകയാണ്. ഒഴിവുവരുന്ന നാലാമത്തെ ഡി.ജി.പി പദവിയിലേക്ക്
കയറിപ്പറ്റാനാണ് അജിത് കുമാർ കാത്തിരിക്കുന്നത്.
നിലവിലെ ജയില്‍ വകുപ്പ് മേധാവിയും 1996 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനുമായ എസ്. ശ്രീജിത്ത് പദവിയിലേക്ക് കണ്ണ് വയ്കുയാണ്.
സംസ്ഥാന പൊലീസ് മേധാവിയായ റവാഡാ ചന്ദ്രശേഖര്‍, റോഡ് സേഫ്റ്റി കമ്മീഷണര്‍ യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം എന്നിവരാണ് സംസ്ഥാനത്ത് ഡി.ജി.പി റാങ്കിലുള്ളത്. നാലാമനായി ശ്രീജിത്ത് കൂടി എത്തിയാൽ അജിത് കുമാറിനുള്ള സാധ്യത അടയും.
സീനിയോറിറ്റി പട്ടിക പരിശോധിച്ചാല്‍, നിതിന്‍ അഗര്‍വാള്‍ വിരമിക്കുമ്പോള്‍ കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ 1995 ബാച്ചുകാരനായ സുരേഷ് രാജ് പുരോഹിതാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിക്കുന്നതിനാല്‍ അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയെത്താനുള്ളസാധ്യതയില്ല. സുരേഷ് രാജ് പുരോഹിതിന് പ്രൊഫോര്‍മ പ്രൊമോഷനായി ഡി.ജി.പി റാങ്ക് നല്‍കി ആദരിക്കാനാണ് സാധ്യത.
പുരോഹിതിന് തൊട്ടുപിന്നാലെയുള്ളത് നവകേരളയാത്രയിൽ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതച്ച ഗൺമാൻമാരുടെ അന്വേഷണ റിപ്പോർട്ട് തിരുത്താൻ കാർമ്മികത്വം വഹിച്ച അജിത് കുമാറാണ്. (1995 ബാച്ച് ഐ.പി.എസ്). സാധാരണ ഗതിയില്‍ ലഭിക്കേണ്ട പ്രൊമോഷനാണെങ്കിലും അജിത് കുമാറിന് മുന്‍പിലുള്ള വഴികൾ അടഞ്ഞതു പോലെയാണ്.
സസ്‌പെന്‍ഷന്‍ ഭീഷണി വരെ നിഴലിക്കുന്ന ഒരു ഉദ്യോഗസ്ഥന് വി.ഡി. സതീശന്‍ സര്‍ക്കാര്‍ ഡി.ജി.പി പ്രൊമോഷന്‍ നല്‍കുമോ അതോ തഴയുമോ?
അജിത് കുമാറിന് തിരിച്ചടിയുണ്ടായതോടെയാണ് തൊട്ടുപിന്നിലുള്ള ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്തിന് ഡി.ജി.പി കസേരയിലേക്ക് വരാനുള്ള സാധ്യതയുളളത്. അത് വെറും സാധ്യത മാത്രമാണ്. 1996 കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്ത് കോഴിക്കോട് സ്വദേശിയാണ്.
ക്രൈംബ്രാഞ്ച് മേധാവി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഐ.ജി എറണാകുളം റേഞ്ച്, ശബരിമല കോ-ഓര്‍ഡിനേറ്റര്‍, എ.ഡി.ജി.പി സൈബര്‍ ഓപ്പറേഷന്‍സ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
എന്നാൽ അജിത് കുമാർ ചെറിയ മീനല്ല. വലിയ സ്രാവുകളെ വരെ വിഴുങ്ങിയിട്ടുള്ള അജിത് കുമാർ ഇത് കൊണ്ടൊന്നും പേടിക്കത്തില്ല. ശ്രീജിത്തിനെ തൻ്റെ പദവിയിലെത്താനുള്ള നീക്കത്തെ ഒളിയമ്പു കൊണ്ട് തടഞ്ഞു നിർത്തും. അന്വേഷണ റിപ്പോർട്ട് വെളിച്ചം കാണാതെ തടഞ്ഞു നിറുത്തിയതുപോലെ. അപ്പോൾ മത്സരത്തിന് വേദിയൊരുങ്ങുന്നത് അജിത്കുമാറും ശ്രീജിത്തും തമ്മിലാണ്. ആരുടെ തലയിലായിരിക്കും ഡി.ജി.പി തൊപ്പി പറന്നെത്തുക.