ഇന്ത്യയും ഇസ്രായേലും ഒന്നിച്ചു നീങ്ങും

Share

ന്യൂ ഡല്‍ഹി: ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ശാസ്ത്ര സാങ്കേതിക സഹകരണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലിന് തുടക്കമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ,ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റുമായി വ്യാവസായിക ഗവേഷണ വികസന സഹകരണം സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.
വ്യാവസായിക സാങ്കേതിക മേഖലകളില്‍ പരസ്പര സമ്മതമുള്ള പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ വ്യാവസായിക ഗവേഷണവികസന പരിപാടികളില്‍ സഹകരണത്തിന് ധാരണാപത്രം വഴിയൊരുക്കും . ആരോഗ്യ സംരക്ഷണം, എയ്‌റോസ്‌പേസ്,ഇലക്‌ട്രോണിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍; സിവില്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, എഞ്ചിനീയറിംഗ്, കെമിക്കല്‍സ് ,പെട്രോകെമിക്കല്‍സ്, ഊര്‍ജ്ജ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സുസ്ഥിര ഊര്‍ജ്ജം, പരിസ്ഥിതി, ഭൂമി ,സമുദ്ര ശാസ്ത്രം, ജലം, ഖനനം, ധാതുക്കള്‍, ലോഹങ്ങള്‍, സാമഗ്രികള്‍, കൃഷി, പോഷകാഹാരം,ബയോടെക്‌നോളജി ഉള്‍പ്പെടെയുള്ള ചില പ്രധാന വ്യാവസായിക മേഖലകളെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് . പരസ്പര പ്രയോജനകരമായ വ്യാവസായിക, സാങ്കേതിക സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി സിഎസ്‌ഐആര്‍, ഡിഡിആര്‍ ആന്‍ഡ് ഡി തലവന്മാരുടെ നേതൃത്വത്തിലുള്ള ജോയിന്റ് സ്റ്റിയറിംഗ് കമ്മിറ്റി സഹകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും നിര്‍വ്വഹണം നിരീക്ഷിക്കുകയും ചെയ്യും.