എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെ എസ്.ഐ.ടി നടത്തിയ അന്വേഷണ റിപ്പോർട്ട് ത്രിശങ്കുവിൽ!
നവകേരളയാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പൊലീസുകാരെ സംരക്ഷിക്കാൻ അജിത് കുമാറിൻ്റെ നിർദ്ദേശപ്രകാരം അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. അന്വേഷണ സംഘത്തിലെ രണ്ട് എ.എസ്.ഐമാരെ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തി അജിത് കുമാർ റിപ്പോർട്ടിൽ തിരുത്തൽ വരുത്തി പ്രതികളായ പൊലീസുകാരെ രക്ഷിക്കാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളതെന്നറിയുന്നു.
പിണറായിയുടെ വിശ്വസ്തനായ അജിത് കുമാർ റിപ്പോർട്ട് തിരുത്തിയതിന് പിന്നിൽ കഴിഞ്ഞ സർക്കാരിൽ ആഭ്യന്തര വകുപ്പിൻ്റെ ചുമതല വഹിച്ചിരുന്ന പിണറായിയുടെ കരങ്ങളായിരുന്നു എന്നത് നാട്ടിലെങ്ങും പാട്ടാണ്.
അങ്ങനെയുള്ള അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ചവിട്ടി പിടിച്ചു വച്ചിരിക്കുന്നത് ആര്? ആരുടെ നിർദ്ദേശപ്രകാരം ?ഉത്തരമില്ലാത്ത ചോദ്യം ശൂന്യാകാശത്ത് അലയടിക്കുകയാണ്.
കഴിഞ്ഞ മാസം 24 നാണ് എസ്.ഐ.ടി റിപ്പോർട്ട് ഡി.ജി.പിക്ക് നൽകിയത്. 18 ദിവസമായിട്ടും റിപ്പോർട്ട് വെളിച്ചം കണ്ടില്ലെന്ന് മാത്രമല്ല അത് എവിടെയാണെന്ന് അറിയില്ല. ഡി.ജി.പി മൗനത്തിലാണ്.
റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. കിട്ടിയാൽ നടപടിയുണ്ടാകും. അന്വേഷണത്തിൽ താൻ ഇടപെടില്ല. കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം. ആഭ്യന്തര മന്ത്രി അന്വേഷണത്തിൽ ഇടപെടാൻ പാടില്ലെന്നുമാണ് മാധ്യമ പ്രവർത്തകരുടെ eചാദ്യത്തിന് ചെന്നിത്തല മറുപടി പറഞ്ഞത്.
എന്തുകൊണ്ടാണ് റിപ്പോർട്ട് വെളിച്ചം കാണാത്തത്?ആരെ സംരക്ഷിക്കാൻ? വ്യക്തമല്ലേ അത് അജിത്കുമാറിനെ കാക്കാൻ വേണ്ടിയാണെന്ന്!!
ഈ സർക്കാർ അധികാരമേറ്റ് ആദ്യം എടുത്ത തീരുമാനമായിരുന്നു പിണറായിയുടെ നവകേരളയാത്രയ്ക്കിടയിൽ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതച്ച പിണറായിയുടെ ഗൺമാൻമാർക്കെതിരെ അന്വേഷണം നടത്താൻ. അതിനായി പ്രത്യേക അന്വേഷണ വിഭാഗവും രൂപീകരിച്ചു.
അജിത് കുമാർ വെറും ഐ.പി.എസ് ഉദ്യോഗസ്ഥനല്ല, പുലിയാണ്. നിശബ്ദനായ പുപ്പുലി. പുലി പതുങ്ങുന്നത് കുതിക്കാനെന്ന തത്വസംഹിത ഇവിടെ പ്രസക്തം. എ.ഡി.ജി.പിമാരിൽ ഏറ്റവും സീനിയർ. അടുത്തതായി ഡി.ജി.പി റാങ്കിലെത്തേണ്ടയാൾ.
ഈ 31 ന് ഫയർഫോഴ്സ് മേധാവി ഡി.ജി.പി നിതിൻ അഗർവാൾ വിരമിക്കുമ്പോൾ ഡി.ജി.പി റാങ്കിലേക്ക് എത്തേണ്ടയാൾ. അന്വേഷണ റിപ്പോർട്ടിൻമേൽ നടപടിയുണ്ടായാൽ ഡി.ജി.പി ആകില്ല. ഇവിടെയാണ് പൊലീസും രാഷ്ടീയക്കാരും ചേർന്നുള്ള ഒത്തുകളി.
31 കഴിഞ്ഞ് അജിത് കുമാർ ഡി.ജി.പിയാകുന്നതുവരെ എസ്.ഐ.ടിയുടെ അന്വേഷണ റിപ്പോർട്ട് പുറം ലോകം കാണില്ല.
അജിത് കുമാറിന് ഡി.ജി.പിയാകാനുള്ള ഉന്നതതല നീക്കമാണ് ഇതിന് പിന്നിൽ. ഒരു പാട് പേരുടെ മനസുകൊണ്ടുള്ള കൈയൊപ്പ് ഇതിന് പിന്നിലുണ്ട്.
ആലപ്പുഴ എം.എൽ.എ എ.ഡി.തോമസ് അടികൊണ്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരിലൊരാളാണ്. അതാണിപ്പോൾ സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിച്ചിരിക്കുന്നത്.
നടപടി അഞ്ച് പൊലീസുകാരിലൊതുങ്ങുമോ അതോ എം.ആർ.അജിത്കു മാറിലെത്തുമോ എന്നത് കണ്ടറിയണം.
എക്സൈസ് കമ്മിഷണറായിരുന്ന അജിത്കുമാറിനെ എക്സൈസ് മന്ത്രി എം.ലിജോയുടെ നിർദ്ദേശപ്രകാരം ആസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇപ്പോൾ വെബ്കോയുടെ സി.എം.ഡിയായ തന്നെ മാറ്റരുതെന്നും മാനുഷിക പരിഗണന തരണമെന്നും കഴിഞ്ഞ ദിവസം അജിത് കുമാർ മന്ത്രി എം.ലിജുവിനെ കണ്ട് അഭ്യർത്ഥിച്ചിരുന്നു.
വിവാദങ്ങളുടെ കാക്കിത്തൊപ്പിയാണ് അജിത്കുമാറിൻ്റേത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്തുന്നതിൽ അജിത് കുമാറിന് പങ്കുണ്ടെന്ന് പി.വി.അൻവർ ആരോപിച്ചിരുന്നു. എന്നാൽ സ്വർണ്ണക്കടത്തിൻ്റെ പങ്ക് എ.ഡി.ജി.പിയായ പി.വിജയനാണെന്ന് അജിത് കുമാർ ആരോപിക്കുകയും അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവുകയും ചെയ്തത് അജിത് കുമാറിൻ്റെ കരുത്ത കരങ്ങളായിരുന്നുവെന്നത് മറക്കാനാവാത്ത ഇന്നലെകൾ. ആ വിജയൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായത് കാലത്തിൻ്റെ കാവ്യനീതി.
തൃശൂർ പൂരം കലക്കിയതിന് പിന്നിലെ പൂരക്കാരനും അജിത് കുമാറായിരുന്നുവെന്നത് മറ്റൊരു കഥ. പൂരം കലങ്ങുമെന്ന മുന്നറിയിപ്പ് അന്ന് ക്രമസമാധാന ചുമതലയുള്ള എം.ആർ.അജിത്കുമാറിന് അറിയാമായിരുന്നു. അന്ന് തൃശൂരിലുണ്ടായിരുന്ന അജിത് കുമാറിനെ രക്ഷിച്ചത് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായിയായിരുന്നു. താക്കീതിലൊതുക്കി അന്ന് ആ സംഭവം തീർത്തു.
തിരുവനന്തപുരത്ത് കവടിയാറിൽ കൊട്ടാര സമാനമായ വീട് നിർമ്മിച്ചത് മറ്റൊരു വിവാദം.
ശബരിമലയിൽ ട്രാക്ടറിൽ പോയത് മറ്റൊന്ന്.ഇങ്ങനെ വിവാദങ്ങളുടെ പൊലീസ് ഉദ്യോഗസ്ഥന് മുന്നിൽ ഏത് അന്വേഷണവും പകച്ച് നിൽക്കും. അതാണ് പൊലീസിലെ ആക്ഷൻ ഹീറോ എം.ആർ.അജിത്കുമാർ.