ഹജ്ജിന് 65 വയസ് പ്രായപരിധി

Share

കരിപ്പൂർ: ഹജ്ജിന് 65 വയസ്‌ പ്രായപരിധി നിശ്‌ചയിച്ചത് കേരളത്തിൽനിന്നുള്ള തീർഥാടകർക്ക് തിരിച്ചടിയാകും. 70 വയസ്‌ കഴിഞ്ഞ 777 തീർഥാടകരാണ് ഇത്തവണ ഹജ്ജിന് അപേക്ഷിച്ചത്. പ്രായപരിധി നിശ്ചയിച്ചതോടെ ഇവരുടെ അവസരം നഷ്ടപ്പെടും. 65 വയസിന് മുകളിൽ പ്രായമുള്ള കവർ ലീഡർമാർക്കും അവസരം ലഭിക്കില്ല. ഇതോടെ കൂടെയുള്ളവരുടെ യാത്രയും മുടങ്ങും. പുതിയ തീരുമാനത്തോടെ ആയിരത്തിലധികം അപേക്ഷകർക്ക് ഇത്തവണ ഹജ്ജ്‌ യാത്രക്ക് പുറപ്പെടാനാകില്ല.

സൗദി ഹജ്ജ്‌ മന്ത്രാലയം ശനിയാഴ്ചയാണ് തീർഥാടകരുടെ പ്രായപരിധി 65 ആക്കി പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷങ്ങളിൽ 70 വയസ്‌ കഴിഞ്ഞ തീർഥാടകർക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നൽകിയിരുന്നു. ഇത്തവണയും നറുക്കെടുപ്പില്ലാതെ അവസരം കാത്തിരിക്കുമ്പോഴാണ് സൗദി മന്ത്രാലയത്തിന്റെ പ്രായപരിധി നിശ്ചയിച്ചുള്ള പ്രഖ്യാപനം.

ഇത്തവണ അപേക്ഷ ക്ഷണിച്ച് തുടങ്ങിയപ്പോൾ 65 വയസ്‌ പ്രായപരിധി ഉൾപ്പെടുത്തിയിരുന്നു. സൗദിയിൽ നിയന്ത്രണങ്ങൾ നീക്കിയതോടെ പ്രായപരിധിയും ഒഴിവാക്കി. യാത്രയെ സംബന്ധിച്ചുള്ള അന്തിമ തീരുമാനത്തിലാണ് പ്രായപരിധി വീണ്ടും 65–-ആക്കിയത്. ഇതോടെ 65 വയസ്‌ കഴിഞ്ഞവരെ ഒഴിവാക്കിയാണ് നറുക്കെടുപ്പ്. പ്രായപരിധി വന്നതോടെ ഹജ്ജ്‌ യാത്രക്കുള്ള അപേക്ഷ കേന്ദ്ര ഹജ്ജ് കമ്മിറ്റി വീണ്ടും ക്ഷണിച്ചു. 22 വരെയാണ് സമയം. പുതുതായി അപേക്ഷിക്കുന്നവർക്ക് 2022 ഏപ്രിൽ 30ന് 65 വയസ്‌ കവിയരുത്. 12,806 അപേക്ഷകരാണ് ഇത്തവണ സംസ്ഥാനത്തു നിന്നുള്ളത്.