സാന്പത്തിക രംഗത്ത് വൻകുതിച്ചുചാട്ടത്തിന് കളമൊരുക്കാൻ ഫിഷറീസ് മേഖലക്ക് കഴിയും: ഗവർണർ

Share

കൊച്ചി : കേരളത്തിന്റെ സാന്പത്തിക രംഗത്ത് കാതലായ മുന്നേറ്റം കൊണ്ടുവരുവാൻ കഴിയുന്ന മേഖലയാണ് ഫിഷറീസ് വ്യവസായരംഗമെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) ഏഴാമത് കോൺവെക്കേഷനിൽ വിദ്യാർത്ഥികൾക്ക് ബിരുദങ്ങൾ സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കുഫോസ് ചാൻസലർ കൂടിയായ ഗവർണർ.

സംസ്ഥാനത്തെ ഫിഷറീസ് മേഖലയുടെ തകർച്ചയുടെ കാരണങ്ങളെ കുറിച്ച് പഠിച്ച്, പുതിയ ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ചുവട് പിടിച്ച് നവീനമായ കോഴ്സുകളും പാഠ്യപദ്ധതികളും ആവിഷ്കരിച്ച് സംസ്ഥാന ഫിഷറീസ് രംഗത്തെ മുന്നോട്ട് നയിക്കേണ്ട ചുമതല കുഫോസിന് ഉണ്ടെന്ന് ഗവർണർ പറഞ്ഞു. ഒൻപത് ഡോക്ടറൽ ബിരുദങ്ങൾ ഉൾപ്പടെ 2019-20 കാലഘട്ടത്തിൽ കുഫോസിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ 386 പേർക്കാണ് ഗവർണർ ബിരുദങ്ങൾ സമ്മാനിച്ചത്.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഡോക്ടറൽ ബിരുദധാരികളും വിവിധ കോഴ്സുകളിലെ ഒന്നാം റാങ്കുകാരുമായ 32 പേർക്കാണ് ഗവർണർ നേരിട്ട് ബിരുദങ്ങൾ സമ്മാനിച്ചത്. മറ്റുള്ളവർ ഓൺലൈനായി ബിരുദങ്ങൾ ഏറ്റുവാങ്ങി.

ഗവർണറുടെ നിർദ്ദേശപ്രകാരം സ്ത്രീധനം പരോക്ഷമായോ പ്രത്യക്ഷമായോ കൊടുക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന സത്യവാങ്ങ്മൂലം കോൺവെക്കേഷനിൽ പങ്കെടുത്ത വിദ്യാർത്ഥികളെല്ലാം കോൺവൊക്കേഷൻ ചടങ്ങിന് മുന്നോടിയായി യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ചിരുന്നു. ബിരുദദാന ചടങ്ങിന്റെ തുടക്കത്തിൽ ഈ സത്യവാങ്ങ്മൂലങ്ങൾ കുഫോസ് വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ബിരുദം കൈപ്പറ്റുന്നതിന് മുൻപ് സ്ത്രീധനവിരുദ്ധ പ്രതിജ്ഞ എഴുതി നൽകിയ വിദ്യാർത്ഥികളെ ഗവർണർ ബിരുദദാന പ്രസംഗത്തിൽ പ്രകീർത്തിച്ചു.

സംസ്ഥാന ഫിഷറീസ് മന്ത്രിയും കുഫോസ് പ്രോചാൻസലറുമായ സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. കുഫോസിലെ ശാസ്ത്രഗവേഷണ ഫലങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനത്ത് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ നടത്തിപ്പ് കുഫോസിനെ ഏൽപ്പിച്ചതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുഫോസ് വൈസ് ചാൻസലർ ഡോ.റിജി ജോൺ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ ഇൻറ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടർ ഡോ.സി.എൻ.രവിശങ്കർ, കുഫോസ് പരീക്ഷാകൺട്രോളർ ഡോ.പി.സുഭാഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *