തുരങ്ക പാതയിൽ മണ്ണിടിഞ്ഞ് 3 മരണം; 5 പേരെ കാന്മാനില്ല

Share

വയനാട് തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചില്‍ 3 പേർ മരിച്ചു. 5 പേരെ കാന്മാനില്ല. 9 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിഥി തൊഴിലാളികളാണ് മരിച്ചവരും പരിക്കേറ്റവരും.

പരിക്കേറ്റ ഹിരകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്‌ജയ് താക്കൂർ, രജനീഷ്, തന്മയ് ഘോഷ്, കൂപമാല്‍, കുഞ്ചു, സന്തോഷ് കുമാർ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

കാണാതായവർക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.

രക്ഷാപ്രവർത്തനത്തിനിടെ മേപ്പാട് എസ്.ഐക്ക് ഇരുമ്പ് കമ്പി തലയിൽ കൊണ്ട് പരിക്കേറ്റു.

വയനാട് കള്ളാടി മീനാക്ഷി പാലത്തിന് സമീപം തുരങ്ക പാതയുടെ പണികള്‍ നടക്കുന്ന സ്ഥലത്താണ് അപകടം.

തൊഴിലാളികളുമായി വന്ന രണ്ടു ബസുകളും മണ്ണിനടിയില്‍ പെട്ടിട്ടുണ്ട്. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോണ്‍ക്രീറ്റ് മതില്‍ ഉള്‍പ്പെടെ മണ്ണും പാറയും ഇടിഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയില്‍ പെയ്തത്.

രക്ഷാപ്രവർത്തക സംഘങ്ങളും പൊലീസും ബന്ധപ്പെട്ട വകുപ്പുകളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

നിർമാണപ്രവർത്തനങ്ങള്‍ താത്കാലികമായി നിർത്തിവച്ചു സ്ഥലത്ത് കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ പരിശോധനയും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്.

[രണ്ടു ജില്ലകളിൽ റെഡ് അലർട്ട്; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ]

ശക്തമായ മഴയെത്തുടർന്ന് വയനാട് തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അല‍ർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയില്‍ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഈ പ്രദേശത്ത് 265 മില്ലിമീറ്റർ മഴ പെയ്തതായാണ് റിപ്പോർട്ട്.

സംസ്ഥാനത്ത് വടക്കൻ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും കനത്ത മഴ തുടരുകയാണ്. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേയ്ക്ക് വീഴുകയായിരുന്നു. മണ്ണ് പാലത്തിലേക്ക് വീണതോടെ പാലവും അപകടാവസ്ഥയിലാണ്. തൊഴിലാളികളുമായി എത്തിയ വാഹനങ്ങള്‍ അടക്കം മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

[ മഴ തുടരുന്നു; പ്രദേശത്ത് നിന്നും ആളുകളെ മാറ്റി ]

മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ശക്തമായ മഴ തുടരുന്നു. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നതാണ് അപകടത്തിന് കാരണം.

ഒരു വീടും പള്ളിയും പൂർണമായും തകർന്നു, സ്ഥലത്തെ ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി. ജോലിക്കാർ 18 പേരോളം ക്യാബിനകത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം.

ആശുപത്രിയില്‍ എത്തിച്ചവരെല്ലാം അതിഥി തൊഴിലാളികളാണ്. തൊഴിലാളികളുമായി വന്ന രണ്ടു ബസുകളും മണ്ണിനടിയില്‍ പെട്ടിട്ടുണ്ട്.

[ മന്ത്രിമാര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നൽകി മുഖ്യമന്ത്രി ]

മണ്ണിടിച്ചിലിൻ്റെ സാഹചര്യത്തില്‍ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ നിർദേശം നൽകി മുഖ്യമന്ത്രി. ജില്ലയില്‍ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും നിര്‍ദേശം നല്‍കി.

റവന്യൂ മന്ത്രി എ.പി.അനിൽകുമാറിനോടും വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു.

മീനങ്ങാടിയില്‍ നിന്നുള്ള എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് സംഭവ സ്ഥലത്തെത്തി. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

കല്പറ്റയില്‍ നിന്നുള്ള അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി. ബത്തേരിയില്‍ നിന്നും മാനന്തവാടിയില്‍ നിന്നും കൂടുതല്‍ യൂണിറ്റുകള്‍ മേപ്പാടിയിലേക്ക് തിരിച്ചു.

[മനുഷ്യനിര്‍മിത
ദുരന്തം: മന്ത്രി ടി. സിദ്ദിഖ് ]

തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചില്‍ മനുഷ്യനിര്‍മിത ദുരന്തമെന്ന് മന്ത്രി ടി. സിദ്ദിഖ്. തുരങ്കപാത നിര്‍മാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങി അപകടത്തിന്‍റെ വ്യാപ്തി കൂട്ടി.

തുരങ്കപാത നിര്‍മാണ കമ്പനിക്ക് വീഴ്ച പറ്റിയെന്നും അപകട മുന്നറിയിപ്പ് കൊങ്കണ്‍ അവഗണിച്ചു.

തൊഴിലാളികള്‍ വന്ന ബസിന് മുകളിലേക്കും തൊഴിലാളികള്‍ വിശ്രമിക്കുന്ന ഷെഡിലേക്കും മണ്ണിടിഞ്ഞു വീണു.

[ ഉത്തരവാദിത്വം തുരങ്ക നിർമ്മാണ കമ്പനിയായ കൊങ്കണ്‍ റെയില്‍വേ യേക്ക്: മന്ത്രി പി.കെ.ബഷീർ ]

വയനാട് തുരങ്കപാത നിര്‍മാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ മുഴുവൻ ഉത്തരവാദിത്തവും തുരങ്ക നിർമാണ കമ്പനിയായ കൊങ്കണ്‍ റെയില്‍വേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ. നിർമാണം നടക്കുന്നയിടത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടത് നീക്കം ചെയ്യണമെന്ന് കർശന നിർദേശം നല്‍കിയിരുന്നു.

തുരങ്ക പാതയുടെ നിർമാണം നടക്കുന്നയിടത്ത് മണ്ണ് കൂട്ടിയിട്ടിരുന്നു. ഇത് മാറ്റണം എന്ന് രണ്ട് തവണ നിർദേശം നല്‍കി. വകുപ്പ് സെക്രട്ടറി അടക്കം സ്ഥലം സന്ദർശിച്ചിരുന്നു. പി ഡബ്ല്യു ഡിയെ നോക്കുകുത്തിയാക്കിയാണ് കരാർ. എല്ലാ ഉത്തരവാദിത്തവും കൊങ്കണ്‍ റെയില്‍വേക്കാണ്.

നേരത്തെ ജോലി നിർത്തി ആളുകളെ മാറ്റിയത് കൊണ്ട് എൻജിനീയർമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇതില്‍ പി. ഡബ്ല്യു. ഡിയെ കൂടുതല്‍ കുറ്റം പറയരുത്, പി. ഡബ്ല്യു.ഡി ഇതിൻ്റെ ഭാഗമല്ല. എല്ലാ അനുമതിയും നല്‍കിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെന്നും വയനാടിൻ്റെ അവസ്ഥ ശരിക്കും അറിയുന്ന മന്ത്രി ആണ് താനെന്നും പി.കെ. ബഷീർ പറഞ്ഞു.

[മണ്ണിടിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പി.ഡബ്ല്യു.ഡി ]

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചില്‍ സാധ്യത സംബന്ധിച്ച്‌ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ്. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയില്‍ പൈപ്പിങ് , സ്ലോപ്പ് സ്റ്റബിലിറ്റി പ്രതിഭാസമോ കാരണം ഒരു അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, തടയാൻ വേണ്ട മുൻകരുതലെടുക്കണമെന്നും പിഡബ്ല്യുഡി ജൂണ്‍ 25ന് ചേർന്ന അവലോകന യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യോഗത്തിന്‍റെ മിനുട്ട്സ് പി.ഡബ്ല്യു.ഡി പുറത്ത് വിട്ടു.

അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടത് ചെറിയ മഴ പെയ്താല്‍ പോലും അപകടം ഉണ്ടാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അശാസ്ത്രീയമായ രീതിയിലാണ് മണ്ണ് നീക്കം നടത്തിയിരുന്നത്. മീറ്റിംഗിലും അല്ലാതെയും മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ പാളിച്ചയുണ്ടായി. നിർദ്ദേശം അനുസരിച്ച്‌ മുന്നോട്ട് പോകാത്ത സാഹചര്യം ഗൗരവതരമായി കാണും. ഇക്കാര്യം കൊങ്കണ്‍ അധികൃതരേയും അറിയിച്ചിരുന്നു. മണ്ണ് കൂട്ടിയിട്ടത് മാറ്റാത്തത് എന്തെന്ന് അന്വേഷിക്കുമെന്ന് മന്ത്രി ടി.സിദ്ധിഖ്പറഞ്ഞു.