ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരായ സൈബർ ആക്രമണം: കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം – കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ (KHIU)

Share

പാലക്കാട് ജില്ലയിലെ മുണ്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി രമ്യ സാംക്രമിക രോഗവുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ അന്വേഷണത്തിന്റെ ഭാഗമായി ഒരു വ്യക്തിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, തെറ്റായ നമ്പറിലേക്കാണ് കോൾ പോയത്. തുടർന്ന് ഉദ്യോഗസ്ഥയുടെ ഫോൺ നമ്പർ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും, അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും, നിരന്തര ഫോൺവിളികളിലൂടെ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവം അതീവ ഗൗരവമുള്ള സൈബർ ആക്രമണമാണ്.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി നിയമപരമായ ചുമതല നിർവഹിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരെ ഇത്തരത്തിൽ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല. സാംക്രമിക രോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നത് പൊതുജനാരോഗ്യ പ്രവർത്തനങ്ങളെ തന്നെ പ്രതികൂലമായി ബാധിക്കും.

ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ സൈബർ നിയമപ്രകാരം അടിയന്തര അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ (KHIU) ആവശ്യപ്പെടുന്നു. കൂടാതെ, ഫീൽഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുമായി സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യൂണിയൻ അഭ്യർത്ഥിക്കുന്നു.

കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ (KHIU) സംസ്ഥാന പ്രസിഡണ്ട് സന്തോഷ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലൈജു ഇഗ്‌നേഷ്യസ്, ട്രഷറർ കെ.ജയരാജ്, സെക്രട്ടറി എൻ. പി.ഹമീദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *