നിപ്മറിൽ ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലനം നൽകും: ഡോ.ആർ. ബിന്ദു

Share

തൃശൂർ: സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൃശ്ശൂരിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്മർ) ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലനം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു.

ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ്, ബേക്കിങ്, ടെയിലറിംഗ്, ഹോർട്ടികൾച്ചർ എന്നീ മേഖലകളിലാണ് പരിശീലനം. 18 നും 30 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം.

എംപവർമെൻറ് ത്രൂ വൊക്കേഷണലൈസേഷൻ (എം വോക്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം. വിദഗ്ധരുടെ വിശദമായ വിലയിരുത്തലുകൾക്ക് ശേഷം ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തും.

തൊഴിൽ പരിശീലനത്തോടൊപ്പം സാമൂഹ്യ ഇടപെടൽ, വ്യക്തി വികാസം എന്നിവയിലും പരിശീലനം നൽകുന്നുണ്ട്. താല്പര്യമുള്ള ഭിന്നശേഷിക്കാർ ഡിസംബർ 20 നകം 9288099586 എന്ന നമ്പറിൽ ബന്ധപ്പെടണം.