കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. ഓട്ടോമൊബൈൽ, എം.എസ്.എം.ഇ, ധനകാര്യം, ഫാർമർ പ്രൊഡ്യൂസർ കമ്പനി, മാൻപവർ സ്ഥാപനം എന്നിവയിൽ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകൾ. തിരിച്ചെത്തിയ പ്രവാസികേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ്& മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ ‘നെയിം’ പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്. നോർക്ക റൂട്ട്‌സിന്റെ വെബ്ബ്‌സൈറ്റ് www.norkaroots.org സന്ദർശിച്ച് 2025 ജനുവരി 31 നകം അപേക്ഷ സമർപ്പിക്കണം. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്ബ്‌സൈറ്റിൽ ലഭ്യമാണ്.
രണ്ടുവർഷത്തിലധികം വിദേശരാജ്യത്ത് ജോലിചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, വിസ ഇല്ലാത്ത പ്രവാസികൾക്കാണ് അപേക്ഷിക്കാൻ കഴിയുക. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പൻസേഷൻ) പദ്ധതി വഴി ലഭിക്കും. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി ‘നെയിം’ പദ്ധതിപ്രകാരം നിയമിക്കാനാകും. പ്രവാസികളുടെ തൊഴിൽ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് നെയിം പദ്ധതി.
കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾക്ക്: 0471 -2770523