അണ്ടർ 19 ലോകകപ്പ് ഫൈനൽ നാളെ; കൗമാരപ്പടയ്ക്ക് കോലിയുടെ ‘ടിപ്സ്’!

Share

ആന്റിഗ്വ∙ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ നാളെ ഇംഗ്ലണ്ടിനെ നേരിടാൻ തയാറെടുക്കുന്ന ഇന്ത്യയുടെ കൗമാരപ്പടയുമായി സംസാരിച്ച് മുൻ നായകൻ വിരാട് കോലി. വിഡിയോ കോൺഫറൻസിലൂടെയാണ് കലാശപ്പോരാട്ടത്തിന് തയാറെടുക്കുന്ന യുവതാരങ്ങളുമായി കോലി സംസാരിച്ചത്. നിർണായകമായ മത്സരത്തിനു മുൻപ് കോലി ചില നിർണായകമായ നിർദ്ദേശങ്ങൾ നൽകിയെന്ന് വ്യക്തമാക്കി അണ്ടർ 19 ലോകകപ്പ് ടീമംഗം കൗശൽ ടാംബെ കോലിയുമായുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചു. സഹതാരങ്ങളിൽ ചിലരും കോലിയുമായുള്ള സംഭാഷണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

2008ൽ ഇന്ത്യയ്ക്ക് അണ്ടർ 19 ലോകകപ്പ് സമ്മാനിച്ച നായകനാണ് വിരാട് കോലി. അന്ന് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് വിരാട് കോലിയുടെ നേതൃത്വത്തിലുള്ള കൗമാരപ്പട കിരീടം ചൂടിയത്. നിലവിൽ അഹമ്മദാബാദിലുള്ള കോലി വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള തയാറെടുപ്പിലാണ്. ഫെബ്രുവരി ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം.

നേരത്തെ, ആവേശകരമായ സെമിയിൽ കരുത്തരായ ഓസ്ട്രേലിയയെ 96 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യൻ ടീം ഇത്തവണ അണ്ടർ 19 ലോകകപ്പ് ഫൈനലിലെത്തിയത്. ടൂർണമെന്റിനിടെ ക്യാപ്റ്റൻ യഷ് ദൂൽ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് ബാധിച്ചെങ്കിലും എല്ലാ പ്രതിസന്ധികളും മറികടന്നാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. സെമിയിൽ ഇന്ത്യൻ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് കോവിഡിൽനിന്ന് മുക്തനായെത്തി സെഞ്ചുറി കുറിച്ച ക്യാപ്റ്റൻ യഷ് ദൂൽ തന്നെ.