തിരൂരങ്ങാടി: 46 കോടിരൂപയൂടെ സമഗ്ര കുടിവെള്ള പദ്ധതിക്കൊരുങ്ങി തിരൂരങ്ങാടി നഗരസഭ. കല്ലക്കയം ശുദ്ധജല പദ്ധതിയില്‍ അന്തിമഘട്ടത്തിലെത്തിയ പത്ത് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് പുറമെ സ്റ്റേറ്റ് പ്ലാനില്‍ 14 കോടി രൂപയുടെ കല്ലക്കയം രണ്ടാം ഘട്ട പ്രവൃത്തികള്‍ സാങ്കേതികാനുമതിക്കായി സമര്‍പ്പിച്ചു . നഗരസഞ്ചയം പദ്ധതിയില്‍ നാല് കോടി രൂപയാണ് അനുവദിച്ചത്.
ചെമ്മാട് ടാങ്കിലേക്ക് പുതിയ പമ്പിങ് മെയിന്‍ ലൈന്‍ സ്ഥാപിക്കുന്നതിനു ഒന്നര കോടി രൂപയുടെ ടെന്‍ഡര്‍ ക്ഷണിച്ചു. താലൂക്ക് ആശുപത്രിയിലേക്ക് നേരിട്ട് ലൈന്‍ വലിക്കുന്നതിന് 50 ലക്ഷം രൂപയുടെ ടെന്‍ഡറും ക്ഷണിച്ചിട്ടുണ്ട്. കല്ലക്കയത്തു നിന്നും പുതിയ പമ്പിങ് മെയിന്‍, ട്രാന്‍സ്ഫോര്‍മര്‍, മറ്റു സജ്ജീകരണങ്ങള്‍, റോഡ് പുനരുദ്ധാരണം. ജലസംഭരണി തുടങ്ങിയവ അമൃത് പദ്ധതിയില്‍ നടപ്പാക്കും.
വിവിധ പദ്ധതികളിലായി കരിപറമ്പ് (10 ലക്ഷം ലിറ്റര്‍സംഭരണശേഷി )ചന്തപ്പടി (9 ലക്ഷം ലിറ്റര്‍ സംഭരണ ശേഷി ) കക്കാട് (9 ലക്ഷം ലിറ്റര്‍ സംഭരണ ശേഷി ) എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണികള്‍ നിര്‍മിക്കും. എട്ട് ലക്ഷം രൂപയുടെ സമഗ്ര കുടിവെള്ള സര്‍വേയും പൂര്‍ത്തിയാവുന്നു. കല്ലക്കയത്ത് പ്രതിദിനം 72 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന പുതിയ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉള്‍പ്പെടെയുളള പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്.