ആദ്യ ഘട്ടത്തിൽ അനുവദിച്ചത് 4 കോടി രൂപ
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിന്റെ എമർജൻസി മെഡിസിൻ വിഭാഗത്തെ ട്രോമ കെയറിന്റേയും ബേൺസ് ചികിത്സയുടേയും സെന്റർ ഓഫ് എക്സലൻസായി പ്രഖ്യാപിച്ചു. ട്രോമ, ബേൺസ് പരിചരണത്തിനായി കേന്ദ്ര സർക്കാർ ആദ്യമായി പ്രഖ്യാപിച്ച സെന്റർ ഓഫ് എക്സലൻസ് പട്ടികയിൽ കേരളവും ഉൾപ്പെടുന്നു. പരിക്കുകളുടേയും പൊള്ളലിന്റേയും പ്രതിരോധത്തിനും മാനേജ്മെന്റിനുമുള്ള ദേശീയ പരിപാടിയുടെ (NPPMT&BI) ഭാഗമായാണ് രാജ്യത്തെ 8 പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളെ സെന്റർ ഓഫ് എക്സലൻസായി തെരഞ്ഞെടുത്തത്. സെന്റർ ഓഫ് എക്സലൻസ് പ്രകാരം ഓരോ വർഷവും രണ്ടു കോടി രൂപ വീതം മെഡിക്കൽ കോളേജിന് ലഭിക്കും. 2024-25 വർഷത്തിൽ 2 കോടിയും 2025-26 വർഷത്തിൽ 2 കോടിയും ഉൾപ്പെടെ 4 കോടി രൂപ ലഭ്യമാകുന്നതാണ്.
സംസ്ഥാനത്തെ ട്രോമ, ബേൺസ് ചികിത്സാ സംവിധാനങ്ങൾ വിപുലപ്പെടുത്താൻ സെന്റർ ഓഫ് എക്സലൻസിലൂടെ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. എമർജൻസി കെയറിന്റേയും ബേൺസ് കെയറിന്റേയും സ്റ്റേറ്റ് അപെക്സ് സെന്ററായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രവർത്തിക്കും. പരിശീലനം, സ്‌കിൽ ഡെവലപ്മെന്റ്, ഗവേഷണം, നൂതനാശയങ്ങൾ, സാങ്കേതികവിദ്യ, നവീന രീതികൾ പിന്തുടരൽ, അവബോധം, ഉപകരണങ്ങൾ എന്നിവയ്ക്കായിരിക്കും സെന്റർ ഓഫ് എക്സലൻസ് തുക വിനിയോഗിക്കുക. സംസ്ഥാനത്ത് സമഗ്ര എമർജൻസി & ട്രോമകെയർ സംവിധാനത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായിരിക്കുമിതെന്നും മന്ത്രി വ്യക്തമാക്കി.