പാഠ്യപദ്ധതി പരിഷ്‌കരണ വിഷയം ചർച്ച ചെയ്ത തീരുമാനമെടുക്കും: വി. ശിവന്‍കുട്ടി

Share

പത്തനംതിട്ട: എല്ലാവരുമായും ആലോചിച്ചു മാത്രമേ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചെറിയ തീരുമാനം പോലും എടുക്കുകയുള്ളവെന്നും അത് പുരോഗമനപരമായ തീരുമാനമാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി . ആഞ്ഞിലിത്താനം ഗവ. മോഡല്‍ ന്യൂ എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ രംഗത്തെ നവീകരിക്കുക എന്നുതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.ആധുനിക സങ്കേതങ്ങള്‍ വിദ്യാഭ്യാസ രംഗത്തും നടപ്പാക്കേണ്ടതുണ്ട്. അത് പഠന ബോധപ്രവര്‍ത്തനങ്ങള്‍ ആയാലും ലിംഗനീതിയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ ആയാലും. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ചെറിയ കൂട്ടരാണ് ഇപ്പോള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്.

ഒരു മതവികാരവും വ്രണപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ചില നിക്ഷിപ്ത താല്പര്യക്കാര്‍ അങ്ങനെ ഒന്നുണ്ട് എന്ന് വരുത്തുവാന്‍ പാടുപെടുകയാണ്. എന്നാല്‍, അങ്ങനെ ഒന്നില്ല എന്ന് നിസംശയം പറയുവാന്‍ സാധിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാകിരണം പദ്ധതിയും പൊതു വിദ്യാഭ്യാസ മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല. അതിന്റെ ഭാഗമാണ് ആഞ്ഞിലിത്താനം ഗവ. മോഡല്‍ ന്യൂ എല്‍പി സ്‌കൂള്‍. വിദ്യാഭ്യാസ രംഗം പാടേ മാറുകയാണ്. ഈ മാറ്റം ചില കേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അത് താല്‍ക്കാലികമാണെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 1.73 കോടി രൂപ വിനിയോഗിച്ചാണ് പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചത്. രണ്ടു നിലകളിലായാണ് കെട്ടിടം പൂര്‍ത്തീകരിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ അഞ്ച് ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, ശുചി മുറി, വരാന്ത എന്നിവയും മുകളിലത്തെ നിലയില്‍ കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, മൂന്ന് ക്ലാസ് മുറികള്‍, ഹെഡ്മാസ്റ്റര്‍ റൂം, വരാന്ത എന്നിവ ഉള്‍പ്പടെ 1767 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് കെട്ടിട നിര്‍മാണം. സ്‌കൂള്‍ കെട്ടിട നിര്‍മാണ സമയത്ത് കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാന്‍ ആഞ്ഞിലിത്താനം എസ് എന്‍ ഡി പി ഓഡിറ്റോറിയം വിട്ടുനല്‍കിയ എസ് എന്‍ ഡി പി ശാഖയെ മന്ത്രി പ്രശംസിച്ചു.