ശബരിമലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്

Share

പത്തനംതിട്ട: മണ്ഡല തീര്‍ത്ഥാടന കാലത്ത് പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കാനും ഭക്തര്‍ക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ആരോഗ്യ സംരക്ഷണത്തിനുമായി വിപുലമായ ക്രമീകരണവുമായി ആരോഗ്യ വകുപ്പ് . അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദ വിഭാഗങ്ങളിലെ ആശുപത്രികളില്‍ പകര്‍ച്ചവ്യാധികള്‍ക്കും വിവിധങ്ങളായ രോഗങ്ങള്‍ക്കുള്ള ചികില്‍സയ്ക്ക് വേണ്ട വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊറോണ ലക്ഷണമുള്ളവരെ പമ്പയില്‍ തന്നെ ആന്റിജന്‍ ടെസ്റ്റ് ചെയ്യും. രോഗം കണ്ടെത്തുന്നവരില്‍ തീവ്രമായ ലക്ഷണമുള്ളവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ ക്വാറന്റൈനില്‍ വിടുകയും ചെയ്യും.

ചിക്കന്‍ പോക്‌സ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ വകുപ്പുകള്‍ വിവിധ രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ സന്നിധാനത്തുള്ള സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ സന്നിധാനത്തെ ഓഫീസ് മുറികളിലും താമസ സ്ഥലങ്ങളിലും അണുനശീകരണം ചെയ്തു. കൊതുക് നിര്‍മ്മാര്‍ജ്ജനത്തിന് വെള്ളം കെട്ടി കിടക്കാതിരിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനൊപ്പം വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ മെഷീന്‍ ഫോഗിങ്ങ് ചെയ്യുന്നു. എലിപ്പനി തടയാന്‍ 200 മില്ലി ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ രോഗസാധ്യതയുള്ളിടത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് വിതരണം ചെയ്തു. ഭക്ഷ്യ ശാലകളിലെ ശുചിത്വം ഉറപ്പാക്കാന്‍ സ്‌ക്വാഡുകള്‍ സ്ഥിരമായി പരിശോധന നടത്തുന്നു.

ആയുര്‍വേദ വകുപ്പ് ശബരിമല സന്നിധാനത്തും വിവിധ വകുപ്പ് ഓഫീസുകളിലും പോലീസ് ക്യാമ്പിലുമെല്ലാം വൈകുന്നേരം ആറ് മണിക്ക് ധൂപസന്ധ്യ എന്ന പേരില്‍ അപരാജിതധൂപം പുകച്ച് അണുനശീകരണം ചെയ്യുന്നു. ശടങ്കപാനീയം എന്ന ആറ് മരുന്നുകള്‍ ചേര്‍ന്ന ഔഷധ വെള്ളം ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു. ഇത് പ്രതിരോധശേഷിക്കും ദഹനത്തിനും ഗുണം ചെയ്യുന്നതാണ്. ഹോമിയോ വകുപ്പ് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ സന്നിധാനത്ത് ഭക്തര്‍ക്കും ജീവനക്കാര്‍ക്കും വിതരണം ചെയ്തു വരുന്നു. ചിക്കന്‍ പോക്‌സ് പ്രതിരോധത്തിന് 1700 പ്രതിരോധ ഗുളിക ഹോമിയോ വകുപ്പ് ശബരിമലയില്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *