വയനാട്: കേരളത്തിന്റെ കൃഷി, ടൂറിസം ഭൂപടങ്ങളില്‍ ഇടം നേടിയ പൂക്കളുടെ ഉത്സവം പൂപ്പൊലിക്ക് അമ്പവലയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 1 ന് തുടക്കമാകും. കേരള കാര്‍ഷിക സംസ്‌ക്കാരത്തിന്റെ മുഖമുദ്ര അനാവരണം ചെയ്യുന്ന വിജ്ഞാന-വിനോദ മാമാങ്കം ഞായര്‍ വൈകീട്ട് 3.30 ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ പൂപ്പൊലിയില്‍ വയനാടന്‍ ജനതയില്‍ ആവേശവും, ഉത്സാഹവും, ആഹ്ളാദവും നിറയ്ക്കുവാന്‍ ഉതകുന്ന രീതിയിലാണ് പുഷ്പമേള അണിയിച്ചൊരുക്കിയിരിക്കുന്നത്. ആയിരത്തില്‍പരം ഇനങ്ങളോടുകൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, മാരിഗോള്‍ഡ് തോട്ടം ഇവയ്ക്ക് പുറമെ തായ്ലാന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്ത ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍നിന്നുള്ള ലിലിയം ഇനങ്ങള്‍, അപൂര്‍വ്വയിനം അലങ്കാര സസ്യങ്ങള്‍, വിവിധയിനം ജര്‍ബറ ഇനങ്ങള്‍, ഉത്തരഖണ്ഡില്‍ നിന്നുള്ള വിവിധ അലങ്കാര സസ്യങ്ങള്‍, കാലിഫോര്‍ണിയായില്‍ നിന്നുള്ള സ്ട്രോബറി ഇനങ്ങള്‍ തുടങ്ങിയവയുടെ വര്‍ണ്ണ വിസ്മയമാണ് ഈ പുഷ്പോത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഫ്ളോട്ടിംഗ് ഗാര്‍ഡന്‍, കൊട്ടത്തോണി, കൊതുമ്പുവള്ളം ഗാര്‍ഡന്‍, റോക്ക് ഗാര്‍ഡന്‍, പെര്‍ഗോള ട്രീ ഹട്ട്, ജലധാരകള്‍ എന്നിവ പുഷ്പോത്സവത്തിന്റെ പ്രധാന ആകര്‍ഷണമാകും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍, രാക്ഷസരൂപം, വിവിധതരം ശില്‍പ്പങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, ഊഞ്ഞാല്‍, ചന്ദ്രോദ്യാനം, വിവിധയിനം പക്ഷി മൃഗാദികള്‍, വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകള്‍ നിറയുന്ന ഫുഡ് കോര്‍ട്ട്, പാചക മത്സരം, പെറ്റ് ഷോ, പുഷ്പ്പാലങ്കാരം, വെജിറ്റബിള്‍ കാര്‍വിംഗ് തുടങ്ങിയ മത്സരങ്ങളും മേളയുടെ ഭാഗമാണ്.