ഏതു ലഹരിയും ആപത്തും അടിമത്തവുമാണ്: വീണാ ജോർജ്

Share

തിരുവനന്തപുരം: ഏതു ലഹരിയും ആപത്തും അടിമത്തവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാവരും സ്വതന്ത്രമായിരിക്കാനാണ് ഏറ്റവുമധികം ആഗ്രഹിക്കുന്നത്. എന്നാൽ ലഹരി ഉപയോഗത്തിലൂടെ ആരോഗ്യവും, ചിന്തയുമെല്ലാം അടിയറവയ്ക്കപ്പെടുകയാണ്. ഇങ്ങനെയാരെങ്കിലുമുണ്ടെങ്കിൽ അവരെ തിരിച്ചു കൊണ്ടുവരിക എന്ന ദൗത്യം കേരളത്തിന്റെ യുവത്വത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.

നോ ടു ഡ്രഗ്സ് കാമ്പയിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും നാഷണൽ ഹെൽത്ത് മിഷൻ തിരുവനന്തപുരവും കേരള യൂണിവേഴ്സിറ്റി യൂണിയനും സംയുക്തമായി സംഘടിപ്പിച്ച മോക്ഷ സാസ്‌കാരിക മേള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാന സർക്കാരിന്റെ ലഹരി മുക്ത കാമ്പയിനിൽ സർക്കാരിനൊപ്പം പൊതു സമൂഹവും സഹകരിക്കുന്നുണ്ട്.

യുവാക്കളാണ് ലോകത്തിന്റെ ഗതി മാറ്റിയിട്ടുള്ളത്. ഏത് വിപ്ലവങ്ങളിലും ലോകത്തിന്റെ ഗതി മാറ്റിയിട്ടുള്ള സാമൂഹിക ഇടപെടലുകളിലും യുവ നേതൃത്വത്തിന്റെ സാന്നിധ്യം കാണാൻ കഴിയും. ലഹരി വിമുക്ത പ്രവർത്തനങ്ങളിൽ യുവാക്കൾ അംബാസഡർമാരായി മാറണം. ലഹരി ഉപയോഗം കൊണ്ടുണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ചു യുവാക്കൾ ബോധവാന്മാരാകണം. ഒരുമാസം കൊണ്ട് തീരുന്നതല്ല ലഹരി ബോധവത്ക്കരണം, തുടർച്ചയായ ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.