കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിന് ശാസ്ത്രീയ മാലിന്യസംസ്‌കരണം യാഥാർഥ്യമാക്കണമെന്നും മാലിന്യങ്ങൾ നിർബന്ധമായും ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. നാട് അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്രശ്നം മാലിന്യസംസ്‌ക്കരണമാണെന്നും ഗാർഹിക മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിന് ഇ-നാട് സഹകരണസംഘം തയാറാക്കിയ ജീ ബിൻ ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി രൂപീകരിച്ച ഇ – നാട് യുവജന സഹകരണ സംഘം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ സ്റ്റാർട്ടപ്പ് സംരംഭമായ ഫോബ് സൊലൂഷ്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത മാലിന്യ സംസ്‌കരണ ഉപാധിയാണ് ജീ ബിൻ. ഗാർഹിക മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നു. 35-40 ദിവസം കൊണ്ട് മാലിന്യങ്ങൾ കമ്പോസ്റ്റായി മാറുന്ന സംവിധാനമാണിത്.