തിരുവനന്തപുരം: ലഹരിവസ്തുക്കളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ ഒരുമിച്ച് പോരാടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിർത്തികളിൽ റെയിഡും സ്‌കൂൾ, കോളേജ് ബസ് സ്റ്റോപ്പുകളിൽ പട്രോളിംഗും ശക്തമാക്കും. മുഖ്യമന്ത്രി അദ്ധ്യക്ഷനായി ലഹരിവിരുദ്ധ പ്രചരണത്തിന് രൂപീകരിച്ച സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം. അതിർത്തികളിൽ പോലീസ്, എക്സൈസ്, ഫോറസ്റ്റ് എന്നിവർ ചേർന്ന് റെയിഡ് നടത്തും.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. ഉദ്ഘാടന പ്രസംഗം കേൾപ്പിക്കാനുള്ള സംവിധാനം ഓരോ കേന്ദ്രത്തിലും തയ്യാറാക്കണം. അതത് പ്രദേശത്തെ ജനപ്രതിനിധികൾ, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികൾ, കലാകായിക പ്രതിഭകൾ തുടങ്ങി പരമാവധിപേരുടെ പങ്കാളിത്തം ഉറപ്പാക്കണം. വിദ്യാലയങ്ങൾക്ക് അവധിയാണെങ്കിലും പരിപാടി നടത്തുന്നതിനുള്ള നടപടിയുണ്ടാവണം. ഉദ്ഘാടന പരിപാടിയുടെ പ്രചരണം വ്യാപകമായി നടത്തണം. തദ്ദേശ സ്ഥാപനതല/ വാർഡ്തല/ വിദ്യാലയസമതികൾ മുൻകൈയെടുത്ത് പ്രചരണ ബോർഡുകൾ സ്ഥാപിക്കണം.
ഒക്ടോബർ 3ന് വിദ്യാലയങ്ങളിലും കലാലയങ്ങളിലും ക്ലാസ്സ് മുറികളിൽ ലഹരിവിരുദ്ധ ചർച്ചയും സംവാദവും സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രസംഗം ക്ലാസ്സ് മുറികളിൽ കേൾപ്പിക്കും. അതിന് സംവിധാനമില്ലാത്ത സ്‌കൂളുകളിൽ ഒരുമിച്ചുള്ള അസംബ്ലിയോ മറ്റോ സംഘടിപ്പിച്ച് പ്രസംഗം പ്രക്ഷേപണം ചെയ്യണം. ഒക്ടോബർ 6, 7 തീയതികളിൽ എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ/ എം.പി.ടി.എ/ വികസന സമിതി നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. ഒക്ടോബർ 8 മുതൽ 12 വരെ വ്യത്യസ്ത കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും. ലൈബ്രറികൾ, ഹോസ്റ്റലുകൾ, ക്ലബ്ബുകൾ, അയൽക്കൂട്ടങ്ങൾ, റസിഡൻസ് അസോസിയേഷൻ തുടങ്ങിയ ഇടങ്ങളിലാണ് സംവാദവും പ്രതിജ്ഞയും നടത്തുക.