ശബരിമല തീർഥാടനം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക ധനസഹായം

Share

പത്തനംതിട്ട: ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് സമീപപ്രദേശത്തെ ഗ്രാമപഞ്ചായത്തുകൾക്ക് 2.31 കോടിയും, നഗരസഭകൾക്ക് 1.05 കോടിയും പ്രത്യേക ധനസഹായമായി അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. 32 പഞ്ചായത്തുകൾക്കും 6നഗരസഭകൾക്കുമാണ് ഗ്രാൻറ് അനുവദിച്ചത്. അടിസ്ഥാന സൗകര്യമൊരുക്കൽ, ശുചീകരണം, വഴിത്താരകളുടെ പരിപാലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് വിനിയോഗിക്കാം. തീർഥാടനപാത സുന്ദരവും മാലിന്യമുക്തവുമായി സൂക്ഷിക്കാനും, തീർഥാടകർക്ക് സൗകര്യങ്ങളൊരുക്കി നൽകാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി നിർദേശിച്ചു.

കഴിഞ്ഞ വർഷം അനുവദിച്ചതിനു പുറമേ നിന്ന് ഓമല്ലൂർ, മണിമല പഞ്ചായത്തുകളെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ 17 പഞ്ചായത്തുകൾക്കും കോട്ടയം ജില്ലയിലെ 9 പഞ്ചായത്തുകൾക്കും, ഇടുക്കി ജില്ലയിലെ 6 പഞ്ചായത്തുകൾക്കുമാണ് സഹായം. ചെങ്ങന്നൂർ, പത്തനംതിട്ട, തിരുവല്ല, ഏറ്റുമാനൂർ, പാലാ, പന്തളം നഗരസഭകൾക്കും തുക അനുവദിച്ചിട്ടുണ്ട്. പത്തനംതിട്ട നഗരസഭയ്ക്ക് 30 ലക്ഷം രൂപയും ചെങ്ങന്നൂർ നഗരസഭയ്ക്ക് 25 ലക്ഷം രൂപയും പന്തളം നഗരസഭയ്ക്ക് 20 ലക്ഷം രൂപയുമാണ് സഹായം. മറ്റ് നഗരസഭകൾക്ക് 10ലക്ഷം വീതം ലഭിക്കും. പഞ്ചായത്തുകളിൽ എരുമേലിക്ക് 37.7 ലക്ഷവും, റാന്നി-പെരുനാടിന് 23.57 ലക്ഷവും, പാറത്തോടിന് 14.14 ലക്ഷവും മണിമലയ്ക്ക് 11.79 ലക്ഷവും കുളനടയ്ക്ക് 10.84 ലക്ഷവുമാണ് അനുവദിച്ചത്.