കേരളത്തിന്റെ സ്റ്റാർട്ട് അപ്പ് വ്യവസ്ഥയ്ക്ക് പൂർണ പിന്തുണ ഉറപ്പ് നൽകി സൈബർ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

Share

കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി, നൈപുണ്യ വികസന & സംരംഭകത്വ സഹമന്ത്രി ശ്രീ.രാജീവ് ചന്ദ്രശേഖർ ഇന്ന് തിരുവനന്തപുരത്ത് സി ഡാക്കിന്റെ ടെക്‌നോപാർക്ക് കാമ്പസിൽ സൈബർ സെക്യൂരിറ്റി ആർ ആൻഡ് ഡി ലാബും സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററും ഉദ്ഘാടനം ചെയ്തു. അദ്ദേഹം സി ഡാക്ക് ക്രമീകരിച്ച ഉൽപ്പന്ന ഡെമോകൾ സന്ദർശിക്കുകയും ശാസ്ത്രജ്ഞരുമായി സംവദിക്കുകയും ചെയ്തു. സി ഡാക്ക് തിരുവനന്തപുരത്ത് ഗവേഷണം നടത്തി വികസിപ്പിച്ച, സുരക്ഷാ, ഫോറൻസിക് മേഖലകളിൽ വൻ പ്രാധാന്യമുള്ള ഡിജിറ്റൽ ഫോറൻസിക് കിയോസ്‌ക്, അണ്ടർവാട്ടർ ഡ്രോണുകൾ (SEGROV) എന്നീ രണ്ട് ഉൽപ്പന്നങ്ങളും കേന്ദ്ര മന്ത്രി പുറത്തിറക്കി.

അണ്ടർവാട്ടർ ഡ്രോണുകൾ അഥവ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾസ് വെള്ളത്തിനടിയിലെ നിരീക്ഷണം, നാവിഗേഷൻ, പരിശോധന തുടങ്ങിയ വ്യത്യസ്ത ഉപയോഗങ്ങൾക്കായി ക്യാമറകൾ, മാനിപ്പുലേറ്ററുകൾ, ലൈറ്റുകൾ, വിവിധ സെൻസറുകൾ എന്നിങ്ങനെ ഒന്നിലധികം പേലോഡുകൾ വഹിക്കുന്നു. കൂടാതെ ദേശീയ സുരക്ഷയെ സഹായിക്കാനും ഇതിന് കഴിയും.

ഡിജിറ്റൽ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ ദർശനത്തിന്റെ കാതൽ ഇലക്ട്രോണിക്സ് ഡിസൈൻ ഇക്കോസിസ്റ്റം ആണെന്ന് കേന്ദ്രമന്ത്രി ശ്രീ. രാജീവ് ചന്ദ്രശേഖർ പറഞ്ഞു, ഈ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ സി ഡാക് പോലുള്ള ഗവേഷണ-വികസന സ്ഥാപനങ്ങൾ കൂടുതൽ ശക്തമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കേരളത്തിലെ സ്റ്റാർട്ട്-അപ്പ് വ്യവസ്ഥയ്ക്ക് എല്ലാ പിന്തുണയും കേന്ദ്രമന്ത്രി ഉറപ്പുനൽകുകയും ചെയ്തു. ശ്രീ. രാജീവ് ചന്ദ്രശേഖർ ഉൽപ്പന്ന ഡെമോകൾ സന്ദർശിക്കുകയും സ്റ്റാർട്ടപ്പുകളുടെ സാങ്കേതിക പങ്കാളികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

രാജ്യത്തുടനീളമുള്ള വാണിജ്യ പ്ലാറ്റ്‌ഫോമുകളും സംരംഭങ്ങളും ഉപയോഗിക്കുന്ന സംവിധാനങ്ങളിൽ ഉൾച്ചേർന്നിരിക്കുന്ന അത്യാധുനിക ഡിസൈനുകളായി നമ്മുടെ കഴിവുകൾ മാറ്റണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സി ഡാക് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. മഹേഷ് ഇ. അധ്യക്ഷനായിരുന്നു.

ശ്രീ രാജീവ് ചന്ദ്രശേഖർ കഴക്കൂട്ടത്തുള്ള നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമൻ സന്ദർശിച്ച് വിദ്യാർത്ഥികളുമായും ഉദ്യോഗസ്ഥരുമായും സംവദിച്ചു. എൻ‌എസ്‌ടി‌ഐയിലെ സംരംഭക സെല്ലിനെ അഭിനന്ദിച്ച മന്ത്രി, അവർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളിൽ തങ്ങളുടെ ബ്രാൻഡ് സൃഷ്ടിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് കഴിവുണ്ടെന്നും അവരെ മികവുറ്റതാക്കുന്നതിന് എൻ എസ ടി ഐ ഉത്തേജകമാകണമെന്നും കേന്ദ്ര മന്ത്രി നിർദേശിച്ചു.

ബി വി എസ് ശേഷാ ചാരി , റീജിയണൽ ഡയറക്ടർ, ഇന്ത്യൻ സ്കിൽ ഡവലപ്മെന്റ് സർവ്വീസ്, കേരള, ഈശ്വരി ആർ പ്രിൻസിപ്പാൾ, എൻ എസ് ടി ഐ ഡബ്ളുയു, പി ജി രാജേന്ദ്രൻ , റീജിയണൽ ഡയറക്ടറേറ്റ് ഫോർ സ്കിൽ ഡവലപ്മെന്റ് ആന്റ് എന്റർപ്രിനേർഷിപ്പ് മേധാവി എന്നിവരും പങ്കെടുത്തു