പാലാരിവട്ടം അപകടം: ദുരൂഹതകള്‍ അവസാനിക്കുന്നില്ല; ആരാത്രി സംഭവിച്ചതെന്ത്?

Share

പാലാരിവട്ടം ബൈപ്പാസിൽ കാർ മരത്തിലിടിച്ച് മിസ് കേരള മുൻ ജേതാവടക്കം മൂന്നുപേർ മരിച്ച സംഭവത്തിൽ ദുരൂഹതകൾ നിറച്ച് സി.സി.ടി.വി. ദൃശ്യങ്ങൾ. ഇതുമായി ബന്ധപ്പെട്ട് ഫോർട്ടുകൊച്ചി മുതൽ വൈറ്റില ചക്കരപ്പറമ്പ് വരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.

അപകടത്തിനുശേഷം പിന്നാലെ എത്തിയ ഒരു ഓഡി കാർ സ്ഥലത്ത് നിർത്തിയതായും കാറിൽനിന്ന് ഒരാൾ ഇറങ്ങി നോക്കിയശേഷം പോകുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇത് ആരാണെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

ഡി.ജെ. പാർട്ടി നടന്ന ഫോർട്ടുകൊച്ചിയിലെ ‘നമ്പർ 18’ ഹോട്ടലിന്റെ ഉടമയാണ്‌ ഇതെന്ന് കരുതുന്നു. കുണ്ടന്നൂർ മുതൽ കാറുകൾ മത്സരയോട്ടം നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിന്തുടർന്ന ആ ഓഡി കാറിന്റെ ഡ്രൈവർ എറണാകുളം സ്വദേശി സൈജു തങ്കച്ചനെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ കിട്ടിയത്.

എന്തിനാണ് ഇവരെ പിന്തുടർന്നത് എന്നതിൽ വ്യക്തതവരുത്താനാണ് പാലാരിവട്ടം പോലീസ് ഇയാളെ രണ്ടാമതും ചോദ്യംചെയ്തത്. മദ്യലഹരിയിൽ വാഹനം ഓടിക്കുന്നത് ഒഴിവാക്കാനാണ് ഇവരെ പിന്തുടർന്നതെന്ന ഇയാളുടെ വിശദീകരണം പോലീസ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. കുണ്ടന്നൂരിൽവച്ച് മറ്റൊരു വാഹനത്തിന്റെ ഡ്രൈവറുമായി തർക്കം ഉണ്ടായെന്ന വിവരവും ലഭിച്ചിട്ടുണ്ട്.

ഹോട്ടൽ ഉടമയെ ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇയാൾ ഒളിവിലാണെന്നാണ് വിവരം.

ഉടമയുടെ നിർദേശപ്രകാരമാണ് സി.സി.ടി.വി. ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ഒളിപ്പിച്ചതെന്ന് നമ്പർ 18 ഹോട്ടലിലെ ജീവനക്കാർ മൊഴിനൽകിയിരുന്നു. ഇത് എന്തിനാണ് മാറ്റിയതെന്നറിയാൻ ഇയാളെ ചോദ്യം ചെയ്യേണ്ടിവരും. രാത്രി ഹോട്ടലിൽ നടത്തിയ ഡി.ജെ. പാർട്ടിയിലെ പ്രശ്നങ്ങളെത്തുടർന്നാണ് സി.സി.ടി.വി. ദൃശ്യങ്ങൾ നശിപ്പിച്ചതെന്നാണ് നിഗമനം.

പാർട്ടിയുടെ ദൃശ്യങ്ങൾ മാത്രം ഹാർഡ് ഡിസ്‌കിൽ ഇല്ലാതിരിക്കുന്നത് ദുരൂഹത വർധിപ്പിക്കുന്നു. അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് കംപ്യൂട്ടറിന്റെ പാസ്‌വേഡ് ഹോട്ടൽ ജീവനക്കാർ നൽകിയിരുന്നില്ല.

പാർട്ടി നടന്ന ഹാളിലെയും ഹോട്ടലിന്റെ പാർക്കിങ്‌ ഏരിയയിലെയും ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ. ഹോട്ടലുടമ എടുത്തുമാറ്റിയത് മനഃപൂർവമാണെന്ന നിഗമനത്തിലാണ് പോലീസ്.