അടുത്ത അധ്യയന വർഷം മുതൽ പ്രൈമറി ക്ലാസ്സുകളിൽ കായികം പാഠ്യപദ്ധതിയുടെ ഭാഗം: മന്ത്രി അബ്ദുറഹ്‌മാൻ

Share

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ കായികം പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ . അടുത്ത അധ്യയന വർഷം മുതൽ ഇത് ആരംഭിക്കും. സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കായിക ദിനവും കേണൽ ഗോദവർമ്മ രാജയുടെ ജന്മദിനാഘോഷത്തിന്റേയും ഭാഗമായുള്ള ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂറോപ്പ് മുഴുവൻ സഞ്ചരിച്ച് ലോക കായികയിനങ്ങൾ മനസിലാക്കി അവ കേരളത്തിൽ അവതരിപ്പിച്ച ഭരണാധികാരി ആയിരുന്നു ജി.വി രാജയെന്ന് മന്ത്രി അനുസ്മരിച്ചു. ക്രിക്കറ്റ്, ഫുട്‌ബോൾ പോലുള്ള കായികയിനങ്ങൾ ഇവിടത്തെ സാധാരണക്കാരന് പ്രാപ്യമാക്കിയത് രാജയാണ്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ രൂപീകരിച്ചത്.

കായികം അക്കാദമിക പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് എല്ലാവരും കായികക്ഷമത ഉള്ളവരായിരിക്കുക എന്ന രാജയുടെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 1500 കോടി രൂപയാണ് സംസ്ഥാന സർക്കാർ കായിക മേഖലയുടെ അടിസ്ഥാനസൗകര്യം വികസനത്തിനായി വിനിയോഗിച്ചതെന്ന് മന്ത്രി അബ്ദുറഹ്‌മാൻ ചൂണ്ടിക്കാട്ടി.